
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണ വിജയനുമെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ ഹർജി. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ നൽകിയില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് സമർപ്പിച്ച ഈ ഹർജിയിൽ വസ്തുതകൾ പരിശോധിച്ച് ഈ മാസം 22 നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ഉത്തരവിട്ടു. വീണയുടെ സ്വകാര്യ കമ്പനിക്ക് നൽകിയ കരാർ സംബന്ധിച്ച വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നോ എന്ന കാര്യത്തിൽ പൊലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കോടതി തുടർനടപടികൾ സ്വീകരിക്കുക. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കൃത്രിമം കാണിച്ചെന്ന ആരോപണം രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam