
കൊച്ചി: ഹോളിഡേ ക്ലബ്ബ് മെമ്പർഷിപ്പ് വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച ടൂറിസം സർവീസ് സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം മരട് സ്വദേശിനിയായ ജസ്റ്റിന ഫെർണാണ്ടസ്, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡവ്സ് വക്കേഷൻ (Doves Vacation) എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. 2022 ഒക്ടോബർ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം.
1,89,999രൂപ നൽകിയാണ് എതിർകക്ഷിയിൽ നിന്ന് ഉപഭോക്താവ് വക്കേഷൻ ക്ലബ് മെംബെർഷിപ്പ് എടുത്തത്. എന്നാൽ താമസത്തിന് ബുക്കിങ്ങിനായി സമീപിച്ചപ്പോൾ പീക്ക് ടൈമിൽ റൂമുകൾ ലഭ്യമല്ലെന്ന മറുപടി ആണ് ആവർത്തിച്ച് നൽകിയിരുന്നത്. വാഗ്ദാനം ചെയ്ത സേവനം ലഭ്യമല്ലാതായപ്പോൾ ക്ലബ്ബ് മെമ്പർഷിപ്പ് റദ്ദാക്കി പണം തിരികെ നൽകണമെന്ന് ഉപഭോക്താവ് 2024 ഫെബ്രുവരി മാസത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, അംഗത്വം റദ്ദാക്കാം, പക്ഷേ പണം തിരികെ നൽകില്ലെന്ന് എതിർകക്ഷി അറിയിക്കുകയായിരുന്നു.
തുടർച്ചയായ സേവന നിഷേധം സേവനത്തിലെ അപര്യാപ്തത ആണെന്നും, ബുക്കിംഗ് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചത് അധാർമിക വ്യാപാര രീതി ആണെന്നും കോടതി കണ്ടെത്തി. സേവനം നൽകാത്ത സാഹചര്യത്തിൽ പണം തിരികെ നൽകാൻ വിസമ്മതിക്കുന്നത് നിയമപരമല്ലെന്നും, ഇത്തരം ഏകപക്ഷീയമായ വ്യവസ്ഥകൾ നിയമപരമായ അവകാശങ്ങളെ അസാധുവാക്കില്ലെന്നും ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. മെമ്പർഷിപ്പിനായി അടച്ച തുകയായ 1,89,999രൂപ തിരികെ നൽകണമെന്നും കൂടാതെ നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവുകൾക്കായി 5,000രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർ കക്ഷിയോട് കോടതി ഉത്തരവിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam