
തൃശ്ശൂര്‍: ഐ.പി.എസ് ഓഫിസർ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതി വിപിൻ കാർത്തിക്കിന്റെ ആവശ്യം തൃശ്ശൂർ ജില്ലാ കോടതി തള്ളി. നിരവധി കേസുകളിൽ പ്രതിയായതിനാൽ അറസ്റ്റ് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചാണ് നടപടി. വിപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
ഐ.പി.എസ് ഓഫിസർ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന വിപിൻ കാർത്തിക്കിനെതിരെ 15 ഓളം കേസുകളാണ് സംസ്ഥാനത്തുള്ളത്. അതിനാൽ അറസ്റ്റ് അനിവാര്യമാണെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇത് പരിഗണിച്ചാണ് കോടതി വിപിന്റെ ആവശ്യം തള്ളിയത്. ജില്ലാ അസി. പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ചമഞ്ഞ അമ്മ ശ്യാമളക്കൊപ്പമാണ് വിപിൻ തട്ടിപ്പുകൾ നടത്തിയിരുന്നത്.
ഇയാൾ തിരിച്ചറിയൽ രേഖകൾ തിരുത്തുന്നതിനാൽ പലയിടത്തും പല പേരിലാണ് കേസുകൾ. ഗുരുവായൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജര്‍ സുധാദേവിയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെന്ന പരാതിയിലാണ് അമ്മയും മകനും കുടുങ്ങിയത്. 97 പവന്‍ സ്വര്‍ണ്ണവും 25 ലക്ഷം രൂപയും നഷ്ടപ്പെട്ട സുധാദേവി നൽകിയ പരാതിയിൽ അമ്മ പിടിയിലായെങ്കിലും വിപിൻ രക്ഷപ്പെട്ട് ഒളിവിൽ പോയി.
ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാണ്. അറസ്റ്റിലായ ശ്യാമള ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. ഐപിഎസ് ഓഫീസർ ചമഞ്ഞ് വിപിൻ തൃശൂർ ഡിഐജി ഓഫീസിലും ഗുരുവായൂര്‍ ടെംമ്പിള്‍ സ്റ്റേഷനിലും സന്ദർശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam