
കൊച്ചി: എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജിന് (p c george) തിരിച്ചടി. പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തളളി. ഉത്തരവിനെതിരെ തിങ്കളാഴ്ച്ച ഹൈക്കോടതിയെ സമീപിക്കാനാണ് പി സി ജോർജിന്‍റെ തീരുമാനം. വെണ്ണല പ്രസംഗത്തിന്‍റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. മതിവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നുമുളള പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയത്.
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ പ്രസംഗക്കേസിൽ കോടതി ജാമ്യം നൽകിയിരുന്നെങ്കിലും സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്ന് നിർദേശിച്ചിരുന്നു. എന്നാൽ കോടതി നിർദേശം അവഗണിച്ച് അതേ കുറ്റകൃത്യം ആവർത്തിച്ചത് ഗൗരവമായെടുത്താണ് ഉത്തരവ്. പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ തടസമില്ലെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ തൽക്കാലം നടപടി വേണ്ടെന്നാണ് സർക്കാർ തീരുമാനം. കിഴക്കേക്കോട്ട പ്രസംഗക്കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നുളള പ്രോസിക്യൂഷൻ ഹർജിയുടെ തീരുമാനമറിഞ്ഞശേഷമാകും തുടർ നടപടി.
'തിങ്കളാഴ്ച്ച 12 മണിക്ക് സൗകര്യമൊരുക്കണം'; പി സി ജോര്‍ജ്ജിന്‍റെ വിവാദ പ്രസംഗം നേരിട്ട് കാണാന്‍ കോടതി
പി സി ജോർജ്ജിനെതിരെ (p c george) മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പൊലീസിന് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിരുന്നു.
ഈ പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് - രണ്ടാണ് നിർദ്ദേശം നൽകിയത്. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോർജ്ജിന്‍റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ജനാധിപത്യ മര്യദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി സി ജോർജ്ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷൻ എതിർത്തു. വാദങ്ങള്‍ക്കിടെയാണ് പ്രസംഗം നേരിട്ട് കാണാൻ കോടതി തീരുമാനിച്ചത്.