കെവിൻ വധക്കേസ്: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

By Web TeamFirst Published Mar 27, 2019, 5:42 PM IST
Highlights

കെവിൻ കേസിലെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്‍റെ വിചാരണ തീയതി ഏപ്രിൽ രണ്ടിന് പ്രഖ്യാപിക്കും.

കോട്ടയം: കെവിൻ വധക്കേസിൽ ഒന്നാം പ്രതി ഉൾപ്പടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതി തള്ളി. കേസിന്‍റെ വിചാരണ തീയതി ഏപ്രിൽ രണ്ടിന് പ്രഖ്യാപിക്കും.

കെവിൻ കൊലപാതക്കേസിൽ വിചാരണ ഉടൻ തുടങ്ങാനിരിക്കുന്നതിനാൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നാം പ്രതി സാനു, അഞ്ചാം പ്രതിയും സാനുവിന്‍റെ അച്ഛനുമായ ചാക്കോ എന്നിവര്‍ ഉൾപ്പടെ അഞ്ച് പേരാണ് ജാമ്യാപേക്ഷ നൽകിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ഹൈക്കോടതിയും ഇവരുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചത്. 

കുറ്റപത്രത്തിൽ ചില വസ്തുതാപരമായ തെറ്റുകളുണ്ടെന്നും ഇത് തിരുത്താൻ അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എട്ടും പത്തും പതിമൂന്നും പ്രതികൾ കെവിനെ ഓടിച്ചു എന്നതിന് പകരം ആറ്, എട്ട്, പത്ത്, പതിമൂന്ന് എന്നാണ് എഴുതിയത്. ഒരിടത്ത് ഒന്നും നാലും പ്രതികൾ എന്നതിന് പകരം ഒന്ന് മുതൽ നാല് വരെ എന്നായി. ഇത് തിരുത്താൻ അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി ഏപ്രിൽ രണ്ടിന് പരിഗണിക്കും. 

കേസിന്‍റെ വിചാരണ എത്രയും വേഗം തുടങ്ങുമെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയ കുറ്റപത്രത്തിൻമേൽ വിചാരണ നടത്താനാണ് കോടതി ഉത്തരവ്.

click me!