മുനമ്പം മനുഷ്യക്കടത്ത്​: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

By Web TeamFirst Published Mar 25, 2019, 5:56 PM IST
Highlights

മുനമ്പം മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.  രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ ഇടപെടാനാകില്ലെന്ന് കോടതി.

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ ബോട്ടുടമ ഉൾപ്പടെ രണ്ട് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.  കേസിലെ മൂന്നാം പ്രതിയും മനുഷ്യക്കടത്ത് നടന്ന ബോട്ടിന്‍റെ ഉടമയുമായ അനിൽകുമാർ (44), ഏഴാം പ്രതി ഇടനിലക്കാരൻ രവി (32) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. ഇന്ന് അധികസത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച സംസ്ഥാന സർക്കാർ കേസിൽ ഏഴ് പേർ കൂടി അറസ്റ്റിലായെന്നും, മനുഷ്യക്കടത്ത് വകുപ്പ് കൂടി ഉൾപ്പെടുത്തിയതായും കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കേസ് പരിഗണിച്ച കോടതി അന്വേഷണ പുരോഗതിയിൽ അതൃപ്തി പ്രകടപ്പിച്ചിരുന്നു. 

മുനമ്പം തീരത്ത് നിന്ന് ഇക്കഴിഞ്ഞ ജനുവരി 12ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. പ്രതികൾ നടത്തിയ ഗൂഢാലോചനയെത്തുടർന്ന് 87 പേരെ മതിയായ യാത്രരേഖകളില്ലാതെ മുനമ്പത്തുനിന്ന് ഓസ്ട്രേലിയയിലേക്ക് എന്ന പേരിൽ കയറ്റിവിട്ടത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ മേൽ അന്വേഷണസംഘം മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റത്തിന് പുറമേ മൂന്ന് വകുപ്പുകൾ കൂടി കൂട്ടിച്ചേർത്താണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

 

click me!