വീണ വിജയന് കനത്ത തിരിച്ചടിയായി കോടതി പരാമർശങ്ങൾ; കർണാടക ഹൈക്കോടതി വിധിയിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്

Published : Feb 17, 2024, 07:10 PM IST
വീണ വിജയന് കനത്ത തിരിച്ചടിയായി കോടതി പരാമർശങ്ങൾ; കർണാടക ഹൈക്കോടതി വിധിയിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്

Synopsis

അന്വേഷണ ഏജൻസികൾ ഇടപാടുകളിൽ നിയമലംഘനമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെങ്കിൽ തുടരന്വേഷണത്തിന് അവരുടെ കയ്യിൽ കൂച്ചുവിലങ്ങിടില്ലെന്ന് ഹൈക്കോടതി സംശയലേശമന്യേ വിധിയിൽ വ്യക്തമാക്കുന്നു.

ബെംഗളൂരു: എക്സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ സിഎഫ്ആഒ അന്വേഷണം തുടരാമെന്ന വിധിയിൽ വീണ വിജയന് കുരുക്കായി ഹൈക്കോടതി പരാമർശങ്ങൾ. തീർത്തും നിയമപരമായാണ് കേസ് സിഎഫ്ആഒയ്ക്ക് കൈമാറിയതെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. അന്വേഷണ ഏജൻസികൾ ഇടപാടുകളിൽ നിയമലംഘനമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെങ്കിൽ തുടരന്വേഷണത്തിന് അവരുടെ കയ്യിൽ കൂച്ചുവിലങ്ങിടില്ലെന്ന് ഹൈക്കോടതി സംശയലേശമന്യേ വിധിയിൽ വ്യക്തമാക്കുന്നു.

എക്സാലോജിക് ഉയർത്തിയ പല വാദഗതികളെയും പാടേ തള്ളുകയാണ് ജസ്റ്റിസ് എം നാഗപ്രസന്ന വിധിപ്രസ്താവത്തിൽ. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം ആർഒസി അന്വേഷണം നടക്കവേ, സിഎഫ്ആഒയ്ക്ക് കേസ് കൈമാറിയത് നിയമപരമല്ലെന്ന വാദം കോടതി തള്ളി. കടുത്ത നിയമലംഘനം നടന്നെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നെങ്കിൽ വിശാലാന്വേഷണം നടത്താൻ തീരുമാനിക്കാം. അത് ഹർജിക്കാരിയുടെ അവകാശത്തെ ഹനിക്കുന്നതല്ല. അത് സമാന്തര അന്വേഷണവുമല്ല. ആർഒസി അന്വേഷണം നടത്തി പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയ ശേഷം ആവശ്യമെങ്കിൽ മാത്രമേ സിഎഫ്ആഒ അന്വേഷണം പ്രഖ്യാപിക്കേണ്ടതുള്ളൂ എന്ന വാദം നിലനിൽക്കില്ല. ഇടപാടുകളിൽ നിയമലംഘനം നടന്നെന്ന് പരാതി കിട്ടിയാൽ അന്വേഷണത്തിനിടെയാകാം പല കാര്യങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തുക. അത്തരത്തിൽ ലഭിക്കുന്ന അന്വേഷണം കൂടുതൽ കണ്ടെത്തലുകളിലേക്ക് നയിക്കുമെങ്കിൽ അത് തുടരണം. അത്തരം അന്വേഷണങ്ങളിൽ ഒരു തരത്തിലും ഉദ്യോഗസ്ഥരുടെ കയ്യിൽ കൂച്ചുവിലങ്ങിടാൻ കോടതി ശ്രമിക്കില്ലെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. 

ടെക്നോളജിയുടെ വളർച്ച സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും കൂട്ടുന്നുണ്ട്. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ കേസിൽ പൊതുതാത്പര്യമുണ്ടെന്ന് ഉദ്യോഗസ്ഥർ കരുതുന്നെങ്കിൽ അത് തുടരട്ടെ. ഒരു പേനയുടെ വര കൊണ്ട് പോലും അത് റദ്ദാക്കാനോ തടയാനോ കോടതി ശ്രമിക്കില്ലെന്നും വിധി പ്രസ്താവത്തിൽ പറയുന്നുണ്ട്. കേസിന്‍റെ വ്യാപ്തിക്ക് ആനുപാതികമായ അന്വേഷണമല്ല ഇതെന്ന എക്സാലോജിക്കിന്‍റെ വാദവും കോടതി തള്ളി. അന്വേഷണം അങ്ങനെ തീരുമാനിക്കാനുള്ള ഘട്ടമായിട്ടില്ല. പ്രാഥമിക ഘട്ടത്തിൽ നടക്കുന്ന, നിയമപരമായ അന്വേഷണം തടയുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് പഠിച്ച ശേഷമേ തുടർനടപടികളിലേക്ക് എക്സാലോജിക് കടക്കൂ. കർണാടക ഹൈക്കോടതിയുടെ തന്നെ ഡിവിഷൻ ബഞ്ചിലേക്കോ സുപ്രീംകോടതിയിലേക്കോ പോയാലും സിംഗിൾ ബഞ്ച് ഉത്തരവിലെ പരാമർശങ്ങൾ വീണ വിജയനെയും ഇടത് സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നതാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും