
മലപ്പുറം: താനൂരിൽ ലഹരി കേസിൽ പൊലീസ് പിടികൂടിയ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച കേസിൽ അന്വേഷണം നടത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കുറ്റപത്രത്തിലെ ചില തീയതികള്‍ രേഖപ്പെടുത്തിയതില്‍ സംഭവിച്ച പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി കുറ്റപത്രം മടക്കിയത്. നേരിയ ചില സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയതെന്നും ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
കോടതി നിര്‍ദേശിച്ച പിഴവുകള്‍ തിരുത്തി കുറ്റപത്രം ഉടന്‍ വീണ്ടും സമര്‍പ്പിക്കുമെന്നും സിബിഐ അഭിഭാഷകര്‍ അറിയിച്ചു. എംഡിഎംഎ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റിലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചെന്നാണ് കേസ്. 2023 ആഗസ്റ്റിലായിരുന്നു ഈ സംഭവം. കേസില്‍ പ്രതികളായ പൊലീസുകാര്‍ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ചേളാരിയിൽ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയ താമിർ ജിഫ്രി തിരൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. കുടംബത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം