
കൊച്ചി: പ്രൊഫസർ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിൽ ശിക്ഷ വിധിച്ച കോടതി വിധി പ്രഖ്യാപന വേളയിൽ നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. തീവ്രവാദ പ്രവർത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാർദത്തിന് പോറലേൽപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിച്ചു. പ്രതികൾ നിയമം കയ്യിലെടുത്ത് സ്വന്തമായി നടപ്പാക്കാൻ ശ്രമിച്ചു. അധ്യപകൻ ചെയ്തത് മതനിന്ദ ആണെന്ന് സ്വയം പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കിയെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ പ്രവൃത്തി പ്രകൃതമാണെന്നും സമാന സംഭവം ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും കോടതി മുന്നറിയിപ്പ് നൽകി. പ്രതികൾക്ക് മാനസാന്തരം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ, കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും കോടതി ശിക്ഷിച്ചു. മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. ടി.ജെ. ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി വിധിച്ചു.
ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി.ജെ. ജോസഫിന്‍റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാംഘട്ട വിസ്താരം പൂർത്തിയാക്കിയ കൊച്ചിയിലെ എൻഐഎ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രൊഫസർ ടി.ജെ. ജോസഫിന്‍റെ കെവെട്ടിമാറ്റുന്നതിന് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത, ടിജെ ജോസഫിന്‍റെ കൈ പിടിച്ച് കൊടുത്ത സജിൽ, എല്ലാത്തിന്‍റെയും സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, ആസൂത്രണത്തിൽ പങ്കുളള നജീബ് എന്നിവർക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ച കോടതി മൂന്ന് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam