
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് സമർപ്പിച്ച പുതിയ ജാമ്യഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഭാര പരിശോധനയക്ക് ശേഷം ബലക്ഷയമുണ്ടെന്ന് ബോധ്യപ്പെട്ടാലേ പാലം പൊളിയ്ക്കാവു എന്ന് കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30-നാണ് ടി ഒ സൂരജ് അടക്കം നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തത്. 45 ദിവസത്തിലധികമായി ജയിലിൽ കഴിയുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൂരജ് ആദ്യം നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം പ്രതികളിലൊരാളായ കിറ്റ്കോ മുൻ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. ആദ്യഘട്ട അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അശോക് കുമാറിനെ വിജിലന്‍സ് മാറ്റിയത്. വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാറാണ് പുതിയ അന്വേഷണ സംഘത്തലവന്‍. അന്വേഷണം ശക്തിപ്പെടുത്തുന്നതിനും വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്.
നിലവിൽ കിഴക്കൻ മേഖല എസ്പി വി ജി വിനോദ്കുമാർ മേൽനോട്ടം വഹിക്കുന്ന അന്വേഷണ സംഘത്തിൽ വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാർ, വിജിലൻസ് കിഴക്കൻ മേഖല ഓഫീസിലെ ഡിവൈഎസ്പി എം കെ മനോജ്, കോട്ടയം വിജിലൻസ് യൂണിറ്റ് ഓഫീസിലെ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്, രാജൻ കെ അരമന എന്നിവരാണ് പുതിയ അംഗങ്ങൾ. നിലവിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് പുറമേയാണ് ഇവരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം ത്വരിതഗതിയിൽ നടന്നുവരികയാണെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഐപിഎസ് അറിയിച്ചു. അന്വേഷണ വിവരങ്ങള്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് എഎസ്ഐ ഇസ്മായിലിനെ വിജിലന്‍സില്‍ നിന്ന് തന്നെ നീക്കിയിരുന്നു.