ചുമയും പനിയും ഉള്ളവര്‍ ആറ്റുകാൽ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ മന്ത്രി : കൊവിഡ് 19 ജാഗ്രത

By Web TeamFirst Published Mar 8, 2020, 11:03 AM IST
Highlights

ചുമയും പനിയും ഉള്ളവര്‍ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ വകുപ്പ്, വിദേശികളെ പ്രത്യേകം നിരീക്ഷിക്കും , പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ പകര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്രയും ആളുകൾ ഒത്തുകൂടുന്ന ചടങ്ങായതിനാൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ട്. അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത്  രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

ചുമയും പനിയും ഉള്ളവര്‍ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്, വിദേശികളെ പ്രത്യേകം നിരീക്ഷിക്കും. വിദേശരാജ്യങ്ങളിൽ നിന്ന് എത്തി ഹോട്ടലിൽ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ പൊങ്കാലയിടാനുള്ള സൗകര്യം ഒരുക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടവും സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയിടാൻ എത്തുന്നവരുടെ വീഡിയോ പകര്‍ത്താനും തീരുമാനം ഉണ്ട്. 

23 ആരോഗ്യ വകുപ്പ് സംഘത്തെ പൊങ്കാല ഡ്യൂട്ടിക്കായി  നിയോഗിച്ചിട്ടുണ്ട്. 18 ആംബുലൻസ് ബൈക്ക് അംബുലൻസുകൾ, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 32 വാർഡുകളിൽ പ്രത്യേക സംഘങ്ങൾ വീടുകൾ കയറി രോഗമുളളവരുണ്ടോയെന്ന് നിരീക്ഷിക്കും. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവിധ ഭാഷകളിൽ അനൗൺസുമെന്‍റുകൾ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ക്ഷേത്രത്തിൽ ഭക്തർ പിടിക്കുന്ന സ്ഥലങ്ങൾ അരമണിക്കൂർ ഇടപെട്ട് അണുവിമുക്തമാക്കും.

 "

പത്തനംതിട്ടയിൽ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ സുരക്ഷയാണ് സംസ്ഥാനത്താകെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രോഗത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മുൻകരുതലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. 

തുടര്‍ന്ന് വായിക്കാം: കേരളത്തില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയിൽ 5 പേര്‍ക്ക് സ്ഥിരീകരണം, 3 പേര്‍ ഇറ്റലിയിൽ നിന്ന് വന്നവ...

 

click me!