Asianet News MalayalamAsianet News Malayalam

കേരളത്തില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയിൽ 5 പേര്‍ക്ക് സ്ഥിരീകരണം, 3 പേര്‍ ഇറ്റലിയിൽ നിന്ന് വന്നവര്‍

ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് പേരടക്കം അഞ്ച് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം പാലിക്കാനോ രോഗ ലക്ഷണം കണ്ടപ്പോൾ ഐസൊലേഷൻ വാര്‍ഡിലേക്ക് മാറാനോ ആദ്യം അവര്‍ തയ്യാറായില്ലെന്നും ആരോഗ്യമന്ത്രി. 

k k shailaja confirmed covid 19 coronavirus case in kerala
Author
Pathanamthitta, First Published Mar 8, 2020, 10:35 AM IST

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. 

റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ മൂന്നുപേരാണ് ഇറ്റലിയില്‍ നിന്നെത്തിയത്. ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയിൽ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടിൽ രോഗ പരിശോധനക്ക് വിധേയരായിരുന്നില്ല. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും പാലിച്ചില്ല. അച്ഛനും അമ്മയും കുട്ടിയും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്ന് എത്തിയത്. അവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് കൂടിയാണ് രോഗ ബാധ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

രോഗ ലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാൻ പറഞ്ഞപ്പോൾ പോലും അവര്‍ തയ്യാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് ഐസോലേഷൻ വാര്‍ഡിൽ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. മുൻകരുതൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതൽ പഴുതടച്ച് നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. കൊവിഡ് 19 രോഗബാധ അതീവ ഗൗരവമായി കണ്ട് സമൂഹത്തിന്‍റെ ആകെ സഹകരണത്തോടെ മാത്രമെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഫലപ്രദമാകൂ എന്നും ആരോഗ്യമന്ത്രി ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു.

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തരയോഗം ചേര്‍ന്നു. സ്ഥിതിഗതികൾ വിലയിരുത്തി. 637 പേരാണ് രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം വന്നതോടെയാണ് മുൻകരുതൽ നടപടികൾ ഊര്‍ജ്ജിതമാക്കാൻ യോഗം വിളിച്ചത്. പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്താൽ പോലും ഒരു ആശങ്കക്കും വകയില്ലെന്ന ആത്മ വിശ്വാസമാണ് ആരോഗ്യ വകുപ്പ് പ്രകടിപ്പിക്കുന്നത്.

ഇന്ത്യയിൽ തന്നെ ആദ്യം കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. തൃശൂര്‍ പഴുതടച്ച രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയിൽ നടക്കുന്ന പ്രതിരോധ മുൻകരുതൽ പ്രവര്‍ത്തനങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ പ്രശംസയും പിടിച്ച് പറ്റിയിരുന്നു.

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19  സ്ഥിരീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ ലഡാക്കില്‍ രണ്ട് പേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ലഡാക്കിലെ രണ്ട് പേര്‍ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഒമാനില്‍ നിന്നാണ് തമിഴ്നാട് സ്വദേശി മടങ്ങിയെത്തിയത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 34 ആയി.

ആരോഗ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണാം

Follow Us:
Download App:
  • android
  • ios