
കൊച്ചി: കാസർഗോഡ് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക എജി ഹൈക്കോടതിയിൽ. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേർതിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കർണാടകം കോടതിയിൽ നിലപാടെടുത്തു. എന്നാൽ കൊവിഡ് രോഗം അല്ലാത്ത മറ്റ് അസുഖങ്ങൾ ഉള്ളവർക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ അവരെ വേർതിരിച്ചു കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കർണാടകം. മംഗലാപുരം റെഡ് സോണ്‍ ആയി ഇന്ന് രാവിലെ ഡിക്ലൈര്‍ ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും മാർഗ്ഗ നിർദ്ദേശം നൽകിയാൽ ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും കർണാടകം കോടതിയിൽ വ്യക്തമാക്കി.
അതേ സമയം രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള പ്രശ്നമല്ല ഇതെന്നും മാലികാവകാശലംഘനം വരുമ്പോൾ കോടതിക്ക് ഇടപെടാൻ അവകാശം ഉണ്ടെന്നും കേരളം കോടതിയിൽ വ്യക്തമാക്കി. റോഡ് അടച്ച് രോഗികളെപ്പോലും കടത്തിവിടാതെയുള്ള കർണാടകത്തിന്‍റെ നിലപാട് മനുഷ്യത്വ രഹിതം എന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. കൊവിഡ് രോഗംകൊണ്ടുമാത്രമല്ല ആളുകൾ മരിക്കുന്നത്. മറ്റു കാരണങ്ങൾ കൊണ്ട് മരിച്ചാൽ ആരു ഉത്തരം പറയുമെന്നും കോടതി ആരാഞ്ഞു. ഒരു ഡോക്ടർക്ക് രോഗിയെ മാത്രമേ പരിശോധിക്കാൻ പറ്റൂ എന്ന് പറയാൻ പറ്റുമോ എന്നും കോടതി ചോദിച്ചു.
ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ഉടൻ ഉണ്ടാകുമെന്നും ഇതിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര സർക്കാർ.
നിലപാടെടുത്തു. എന്നാൽ ഈ യോഗം കഴിയും വരെ കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇന്ന് 5.30 ക്ക് മുൻപിൽ തീരുമാനം ഉണ്ടാകുമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. 5.30 ന് കോടതി വീണ്ടും ചേരും. അപ്പോൾ തീരുമാനം അറിയിക്കാൻ കേന്ദ്രത്തോട് നിർദ്ദേശം നൽകിയ കോടതി അല്ലെങ്കിൽ ഉത്തരവിറക്കേണ്ടി വരും എന്നും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam