കൊവിഡ്: കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു, വാക്‌സിനെടുത്തവരിലെ രോഗബാധ കണക്കെടുക്കാന്‍ നിര്‍ദേശം

By Web TeamFirst Published Aug 2, 2021, 1:15 PM IST
Highlights

വാക്‌സിനേഷന്‍ പൂര്‍ത്തിയായ ആരോഗ്യപ്രവര്‍ത്തകരില്‍ അടക്കം രോഗബാധ തുടരുന്നതും തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതും കണക്കിലെടുത്താണ് നിര്‍ദേശം.  രോഗം സ്ഥിരീകരിക്കാന്‍ എടുത്ത കാലാവധി, തീവ്രത, മരണനിരക്ക് എന്നിവ പ്രത്യേകം പഠിക്കും.
 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയാത്തതിനെ തുടര്‍ന്ന് കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു. സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് ശക്തമാക്കുന്നതിനു പുറമെ,  സംസ്ഥാനത്ത് വാക്‌സിനെടുത്തവരിലെ രോഗബാധിതരുടെ പ്രത്യേകം കണക്കെടുക്കാന്‍ കേന്ദ്ര സംഘം നിര്‍ദേശം നല്‍കി.  വാക്‌സിനേഷന്‍ പൂര്‍ത്തിയായ ആരോഗ്യപ്രവര്‍ത്തകരില്‍ അടക്കം രോഗബാധ തുടരുന്നതും തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതും കണക്കിലെടുത്താണ് നിര്‍ദേശം.  

രോഗം സ്ഥിരീകരിക്കാന്‍ എടുത്ത കാലാവധി, തീവ്രത, മരണനിരക്ക് എന്നിവ പ്രത്യേകം പഠിക്കും. കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെ കൊവിഡ് വിദഗ്ധ സമിതിയുമായും ആരോഗ്യ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും. 

കേരളത്തില്‍ കഴിഞ്ഞ ദിവസം 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,73,87,700 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,61,133 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,537 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,596 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2402 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 


 

click me!