
ദില്ലി: വിവാഹത്തിനായി ജാമ്യം തേടി കൊട്ടിയൂര്‍ പീഡന കേസിലെ ഇരയും കുറ്റവാളി മുൻ വൈദികൻ റോബിൻ വടക്കുംചേരിയും നൽകിയ ഹര്‍ജികൾ സുപ്രീംകോടതി തള്ളി. ഹൈക്കോടതി തീരുമാനമെടുത്ത കേസിൽ ഇടപെടാനേ ആഗ്രഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവും തള്ളി. അഞ്ചുമിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന കോടതി നടപടികളായിരുന്നു കൊട്ടിയൂര്‍ പീഡന കേസിൽ സുപ്രീംകോടതിയിൽ നടന്നത്.
വിവാഹം കഴിക്കാൻ രണ്ടുമാസത്തെ ജാമ്യം കുറ്റവാളി റോബിൻ വടക്കുംചേരിക്ക് നൽകണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിൻ വടക്കുംചേരിയും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചു. എന്നാൽ ഈ കേസിൽ ജാമ്യം നൽകില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കി. ഹൈക്കോടതി കൃത്യമായ തീരുമാനമെടുത്ത കേസിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും തള്ളി. ഇതൊക്കെ ഹൈക്കോടതിയിൽ തന്നെ പോയി ആവശ്യപ്പെടു എന്നായിരുന്നു കോടതിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകൻ ജി പ്രകാശ് ഹാജരായിരുന്നെങ്കിലും സര്‍ക്കാരിന്‍റെ വാദം കേൾക്കാതെ തന്നെ ഹര്‍ജികൾ തള്ളാനുള്ള തീരുമാനം എടുത്തു. കേസിലെ വാദത്തിനിടെ പ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും റോബിൻ വടക്കുംചേരിയുടെയും അഭിഭാഷകൻ നടത്തി.
അതിന്‍റെ വിശദാംശങ്ങളിലേക്ക് കടന്നില്ലെങ്കിലും യാതൊരു ഇളവും ഈ കേസിൽ പ്രതീക്ഷിക്കേണ്ടതില്ല എന്ന് തന്നെയാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 2016ൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളി മേടയിൽ വെച്ച് ബലാൽസംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കേസിൽ 20 വര്‍ഷത്തെ ശിക്ഷയാണ് റോബിൻ വടക്കുംചേരി അനുഭവിക്കുന്നത്. പോക്സോ കോടതിയുടെ ആ വിധിക്കെതിരെയുള്ള ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളപ്പോഴാണ് ഇരയെ വിവാഹം കഴിക്കാനുള്ള നീക്കം മുൻ വൈദികൻ റോബിൻ വടക്കുംചേരി നടത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam