Latest Videos

കൊവിഡ് 19; ഇന്ന് പുതിയ കേസുകളില്ല, ആശുപത്രിയിൽ ആയത് 106 പേര്‍, നിയന്ത്രണങ്ങൾ ഫലം ചെയ്തെന്നും മുഖ്യമന്ത്രി

By Web TeamFirst Published Mar 14, 2020, 7:08 PM IST
Highlights

പുതിയ പോസിറ്റീവ് കേസുകൾ ഇല്ല. 7607 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. 302 പേര് ആശുപത്രിയിൽ ചികിത്സയിലുണ്ട്. 

തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന മുൻകരുതൽ നടപടികൾ ഫലപ്രദമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ആശുപത്രിയിൽ ആയത് 106 പേരാണ്. 7607 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. 302 പേര് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്കും പരിശോധനകൾക്കും പൊലീസിനെ കൂടി ഉപയോഗിക്കാനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസും പരിശോധനകളിൽ പങ്കാളിയാകും. വിമാനത്താവളങ്ങളിൽ എസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനക്ക് ഉണ്ടാകും. റയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഡിവൈഎസ്പിമാരുടെയും നേതൃത്തിൽ പരിശോധന സംഘങ്ങൾ പ്രവര്‍ത്തിക്കും. ഇന്ന് രാത്രി മുതൽ തന്നെ പരിശോധന തുടങ്ങാനാണ് തീരുമാനം.  അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കാൻ സംവിധാനം ഒരുക്കും. ഉത്സവങ്ങളും പ്രാർത്ഥന യോഗങ്ങളും നിയന്ത്രിക്കാൻ ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് ഇടപെടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അത് പോലെ തന്നെ അന്തര്‍ സംസ്ഥാന പാതകളിലും ചെക്പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റിലും പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ട്രെയിനുകളിൽ രണ്ട് ബോഗികൾക്ക് ഒരു സംഘമെന്ന നിലയിൽ പരിശോധന സംവിധാനം ഒരുക്കാനാണ് തീരുമാനം. ട്രെയിനുകളിൽ അനൗൺസ്മെന്‍റ് നടത്താനും യാത്രക്കാര്‍ക്ക് മുൻകരുതൽ മെസേജ് നൽകാനും പദ്ധതിയുണ്ട്. 

രോഗത്തിന്‍റെ സാഹചര്യം ചിലര്‍ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവര്‍ക്ക് ആഹാരമെത്തിക്കാനടക്കം പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. അസുഖം സംശയിക്കുന്നവരെ പാര്‍പ്പിക്കാൻ വിമാനത്താവളത്തിൽ കോറോണ കെയര്‍ സെന്‍ററുകൾ തയ്യാറാക്കും. ആശുപത്രിയിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. അതിനുള്ള നടപടികളും തയ്യാറായിട്ടുണ്ട്. 

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിസര ശുചീകരണം അടക്കം നടപടികൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കൂട്ടായ്മകൾ പാടില്ലെന്ന നിര്‍ദ്ദേശം അങ്ങിങ്ങ് ലാഘവത്തോടെ എടുക്കുന്നവര്‍ ഉണ്ട്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പൊലീസ് ഫലപ്രദമായി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!