കൊവിഡ് 19: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ 403 ക്ഷേത്രങ്ങളിലെ ആഘോഷങ്ങള്‍ ഒഴിവാക്കി

By Web TeamFirst Published Mar 11, 2020, 12:17 PM IST
Highlights

തൃശൂർ പൂരം , ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം  ബോര്‍ഡ് അറിയിച്ചു. 

കൊച്ചി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങള്‍ ആഘോഷം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്താൻ തീരുമാനം. കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴില്‍ 403 ക്ഷേത്രങ്ങളാണുളളത്. ഇതില്‍ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഉത്സവകാലമാണ്. പതിനായിരക്കണക്കിന് ആളുകള്‍ ഉത്സവപറമ്പില്‍ എത്തും എന്നതിനാലാണ് ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കൊച്ചിൻ ദേവസ്വം ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നിരുന്നു. 

ഈ മാസം 31 വരെ നടക്കുന്ന ഉത്സവങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂർ പൂരം , ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം ക്ഷേത്ര ഉത്സവത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്‍റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി വയ്ക്കാൻ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസരത്തും ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിലും നിയന്ത്രണങ്ങൾ നിര്‍ദ്ദേശിച്ചിരുന്നു. 
 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

 

click me!