സമ്പര്‍ക്കം വഴി 90 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം 60 പേര്‍, പൂന്തുറയിൽ സൂപ്പര്‍ സ്പ്രെഡ്

By Web TeamFirst Published Jul 8, 2020, 6:24 PM IST
Highlights

സമ്പര്‍ക്കം വഴി കൊവിഡ് കൂടുന്ന സാഹചര്യം വലിയ ആശങ്കയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കാണുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കം വഴി കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിൽ വലിയ ആശങ്ക, ഇന്ന് മാത്രം  90 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ തന്നെ തിരുവനന്തപുരത്തെ അവസ്ഥ വളരെ അധികം ഗൗരവമുള്ളതും ആശങ്കാ ജനകമാമെന്നും ആണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരത്ത് മാത്രം 60പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിതര്‍ ഏറെ ഉള്ള പൂന്തുറ മേഖലയിൽ അടക്കം അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്നാണ് വിലയിരുത്തൽ . 

രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയിൽ കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ആണെന്നാണ് വിലയിരുത്തൽ . ഒരാളിൽ നിന്ന് കൂടുതൽ ആളുകളിലേക്ക് രോഗ ബാധ ഉണ്ടായ സാഹചര്യത്തെയാണ് സൂപ്പര്‍ സ്പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഈ മേഖലയിൽ നിലനിൽക്കുന്നത് എന്നാണ് മേയര്‍ പറയുന്നത്. 

മത്സ്യതൊഴിലാളികൾ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കൊവിഡ് പടര്‍ന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റര്‍ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ . അതിവേഗം രോഗം പടര്‍ന്ന് പിടിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക് രോഗ ബാധ ഉണ്ടായിട്ടുണ്ട്. 

click me!