പോറ്റിയെ കേറ്റിയെ വിവാദത്തില്‍ യു ടേൺ അടിച്ച് സിപിഎം. പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന സ്വതന്ത്ര സംഘടനയെന്ന് നിലപാട്
പത്തനംതിട്ട: പോറ്റിയെ കേറ്റിയെ വിവാദത്തില്‍ യു ടേൺ അടിച്ച് സിപിഎം. പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന സ്വതന്ത്ര സംഘടനയാണെന്നും വിഷയത്തില്‍ പാർട്ടിക്ക് ഒരു ബന്ധമില്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന പാർട്ടിയല്ല സിപിഎം.പാർട്ടി പാട്ടിന് എതിരല്ല. കൃത്യമായ നിലപാട് അതിലുള്ള പാർട്ടിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്നതും ആലോചിച്ചു തീരുമാനിക്കുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. പാരഡിയിലെ നിലപാടുകൾ വിവാദത്തിനും വിമർശനത്തിനും കാരണമായതിന് പിന്നാലെ തിരിച്ചടി മുന്നിൽ കൊണ്ടുള്ള പിന്മാറ്റമാണോ സിപിഎമ്മിന്‍റേത് എന്ന വിമർശനം ഉയരുന്നത്.
ശബരിമല സ്വർണക്കൊള്ളയിലും രാജു എബ്രഹാം പ്രതികരണം നടത്തി. എ പത്മകുമാറിനെതിരെ നടപടി വരുമെന്നും സിപിഎം സംസ്ഥാന നേതൃത്വതിൻ്റെ നിർദ്ദേശം അനുസരിച്ച് നടപടി സ്വീകരിക്കും. നിർദേശം വന്നാൽ ഉടൻ നടപടിയുണ്ടാകും എന്നും രാജു എബ്രഹാം പറഞ്ഞു. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് സ്വർണക്കൊള്ളയിൽ അകത്തായ മുൻ എംഎൽഎ എ. പത്മകുമാർ.


