'ഐടി വകുപ്പിനോട് ചോദിച്ചാ മതി', സ്പ്രിംഗ്ളർ വിവാദത്തിൽ മിണ്ടാതെ മുഖ്യമന്ത്രി

By Web TeamFirst Published Apr 13, 2020, 7:49 PM IST
Highlights
'നിങ്ങളുന്നയിക്കുന്ന തരം ആശങ്കകളോ സംശയങ്ങളോ വേണ്ടെന്ന് മാത്രമേ പറയാനുള്ളൂ. ഇതിന്‍റെ പിറകേ പോകാനുള്ള സമയമിപ്പോൾ എനിക്കില്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഐടി വകുപ്പിനോട് ചോദിക്കുക', മുഖ്യമന്ത്രി.
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരശേഖരണവിവാദത്തിൽ വ്യക്തമായ ഉത്തരം തരാതെ മുഖ്യമന്ത്രി. പല തവണ ചോദിച്ചിട്ടും ഇക്കാര്യത്തിൽ നിലവിൽ തനിക്കൊന്നും പറയാനില്ലെന്നും, എന്ത് വിശദീകരണം വേണമെങ്കിലും ഐടി വകുപ്പിനോട് ചോദിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറയുന്നു. തനിക്കിപ്പോൾ ഇത്തരം കാര്യങ്ങളുടെയൊന്നും പിറകെ പോകാൻ സമയമില്ലെന്നും മുഖ്യമന്ത്രി.

കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ഇനി മുതൽ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന്‍റെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യേണ്ടെന്നും, സർക്കാർ വെബ്സൈറ്റിൽത്തന്നെ അപ്‍ലോഡ് ചെയ്താൽ മതിയെന്നും സർക്കാർ ഉത്തരവിറക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിയാണോ എന്ന ചോദ്യത്തിനും മറുപടിയില്ല. 

ഇതോടെ ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ഈ ഇടപാടിലെ ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐടി വകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ സമ്പൂര്‍ണ്ണമായ ആശയക്കുഴപ്പമായി - എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

വിവരങ്ങൾ അമേരിക്കൻ കമ്പനി സ്പ്രിംഗ്ളറിന്‍റെ വെബ്‍സൈറ്റിൽ നൽകണമെന്ന പഴയ ഉത്തരവിൽ മാറ്റം വരുത്താനുള്ള നടപടി തുടങ്ങിയതായാണ് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നത്. ഇനി മുതൽ സർക്കാർ വെബ് സൈറ്റിൽ നൽകിയാൽ മതിയെന്ന രീതിയിൽ ഉടൻ ഉത്തരവിറക്കും. പ്രതിപക്ഷനേതാവ് ഉയർത്തിയ ആരോപണം വൻ വിവാദമായ സാഹചര്യത്തിലാണ് സർക്കാറിൻറെ പിന്മാറ്റം.

പ്രതിപക്ഷനേതാവ് ഉന്നയിച്ച ഗുരുതര ആരോപണം സർക്കാർ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. നിരീക്ഷണത്തിലുള്ളവരുടെ ഒരു വിവരവും സ്പ്രിംഗ്ളർ മറ്റാർക്കും കൈമാറില്ലെന്നും സേവനം സൗജന്യമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 

പക്ഷേ, ഒടുവിലിപ്പോൾ സർക്കാർ തിരുത്തൽ തുടങ്ങി. ഐസോലേഷനിലുള്ളവരുടെ വിവരങ്ങൾ സ്പ്രിംഗ്ളറിന്‍റെ വെബ് സൈറ്റിൽ വാർഡ് തല കമ്മിറ്റികളും സെക്രട്ടറിമാരും അപ് ലോഡ് ചെയ്യണണെന്ന പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഏപ്രിൽ നാലിലെ വിവാദ ഉത്തരവ് തിരുത്തുന്നു. ഇനി മുതൽ housevisit.kerala.gov.in എന്ന സർക്കാർ സൈറ്റിൽ നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. അനൗദ്യോഗികമായി തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം പോയി. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം നടത്താൻ ഇന്ന് മുഖ്യമന്ത്രി തയ്യാറായതുമില്ല. സ്പ്രിംഗ്ളർ കമ്പനിയാകട്ടെ അവരുടെ വെബ് സൈറ്റിൽ നിന്നും ഐടി സെക്രട്ടറിയുടെ വീഡിയോയും മാറ്റി. എല്ലാം സുതാര്യമെന്ന് പറയുമ്പോഴും ഇപ്പോേഴുള്ള തിരുത്തൽ നീക്കം തന്നെ ദുരൂഹത ഒന്ന് കൂടി കൂട്ടുന്നു.

പല നിർണ്ണായക സംശയങ്ങളും ഇപ്പോഴും ബാക്കിയാണ്. സർക്കാ‌ർ ഏജൻസികൾക്ക് വൻതോതിൽ വിവരങ്ങൾ സംഭരിക്കാനുള്ള ക്ലൗഡ് സ്പേയ്സ് ഇല്ലെന്നായിരുന്നു ധനമന്ത്രി അടക്കം വിശദീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇതെങ്ങിനെ മാറി? സർക്കാർ സൈറ്റിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിംഗ്ളറിന് കൈമാറുന്നുണ്ടോ? ഈ കണ്ടെത്തിയ മാർഗ്ഗം എന്താണ്? ടെണ്ടർ വിളിച്ചാണോ ഈ കമ്പനിക്ക് സോഫ്റ്റ്‍വെയർ നിർമിക്കാനുള്ള ചുമതല നൽകിയത്?

ഇക്കാര്യങ്ങളിലെല്ലാം സർക്കാർ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. 
click me!