സ്പ്രിംഗ്ളര്‍ വിവാദം: മുഖ്യമന്ത്രിയുടെ മൗനത്തില്‍ ദുരൂഹത, അജ്ഞത നടിച്ച് ഒഴിഞ്ഞുമാറുന്നതെന്തിനെന്നും ചെന്നിത്തല

By Web TeamFirst Published Apr 13, 2020, 7:43 PM IST
Highlights

ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ സമ്പൂര്‍ണ ആശയക്കുഴപ്പമായതായി ചെന്നിത്തല. 

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയതോടെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇതോടെ സമ്പൂര്‍ണ ആശയക്കുഴപ്പമായതായി ചെന്നിത്തല പ്രതികരിച്ചു. 

'സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്നത് പോലുള്ള ഗുരുതരമായ കാര്യത്തില്‍ മുഖ്യമന്ത്രി അജ്ഞത നടിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. സ്പ്രിംഗ്ളറിന്‍റെ വെബ് പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ വൗബ്‌സൈറ്റിലേക്ക് അത് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി ഇന്ന് വാര്‍ത്ത ഉണ്ടായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണോ ഇത് ചെയ്തതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴി സ്പ്രിംഗ്ളറിന് തന്നെയാണ് വിവരങ്ങള്‍ നല്‍കുന്നതെങ്കില്‍ അത് കൂടുതല്‍ ഗൗരവകരമാണ്.

Read more: ഡാറ്റ ഉത്തരവ് പിന്‍വലിച്ച തീരുമാനം ധാര്‍മ്മിക പോരാട്ടത്തിന്റെ വിജയമെന്ന് മുല്ലപ്പള്ളി

ഇതിനകം സ്പ്രിംഗ്ളര്‍ സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ഇനി എന്തു ചെയ്യും എന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. ഈ വിരങ്ങള്‍ ഈ വിദേശ കമ്പനി മറിച്ചു വില്‍ക്കുകയില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച കരാര്‍ എന്നാണ് ഒപ്പുവച്ചത്, ആരൊക്കെ ഒപ്പുവച്ചു, കരാര്‍ നിബന്ധനകള്‍ എന്തൊക്കെ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇനിയും വ്യക്തമാകാനുണ്ട്. അതിനാല്‍ കരാര്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണം. ഐ.ടി സെക്രട്ടറി ശിവശങ്കരനെ മാറ്റി നിര്‍ത്തി ഈ ഇടപാടിനെപ്പറ്റി സമഗ്രമായ അന്വേഷണവും നടത്തണം' എന്നും രമേശ് ചെന്നത്തല ആവശ്യപ്പെട്ടു.

 

click me!