Covid 19: സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ കൊവിഡ് മരണം 43,344

Published : Dec 14, 2021, 06:01 PM ISTUpdated : Dec 14, 2021, 06:04 PM IST
Covid 19: സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;   ആകെ കൊവിഡ് മരണം 43,344

Synopsis

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4073 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണം (Death) കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതു കൂടാതെ സുപ്രീംകോടതി (Supreme Court) വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 146 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 43,344 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലവില്‍ 35,410 കൊവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,474 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,49,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4229 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതിയ കേസുകൾ; ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസർക്കോട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ആറ് വാർഡുകളിൽ കർശന നിയന്ത്രണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

രോഗമുക്തി കണക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4073 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 663, കൊല്ലം 166, പത്തനംതിട്ട 169, ആലപ്പുഴ 191, കോട്ടയം 302, ഇടുക്കി 141, എറണാകുളം 788, തൃശൂര്‍ 384, പാലക്കാട് 24, മലപ്പുറം 188, കോഴിക്കോട് 513, വയനാട് 148, കണ്ണൂര്‍ 246, കാസർക്കോട് 150 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 35,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,21,001 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,59,15,156), 71.8 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,91,84,682) നല്‍കിയെന്നാണ് ആരോഗ്യവകുപ്പ് കണക്ക്. ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 3377 പുതിയ രോഗികളില്‍ 2944 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 281 പേര്‍ ഒരു ഡോസ് വാക്‌സിനും 1742 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 921 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

· ഡിസംബര്‍ 6 മുതല്‍ 12 വരെയുള്ള കാലയളവില്‍, ശരാശരി 39,799 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 3528 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10%, 6%, 0.1%, 14%, 19%, 5% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്നുവെന്ന് കണക്കുകൾ കാണുന്നു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ