കേരളത്തിലെ എംഎൽഎമാരുടെ നിയമസഭയിലെ പ്രകടനം വിലയിരുത്താൻ സഹായിക്കുന്ന www.mlatrack.com എന്ന പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. എംഎൽഎമാരുടെ ഹാജർ, ചോദ്യങ്ങൾ, ചർച്ചകളിലെ പങ്കാളിത്തം തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലേക്ക് കേരളം നീങ്ങുമ്പോൾ, വോട്ടർമാർക്ക് തങ്ങളുടെ ജനപ്രതിനിധികളെ കൃത്യമായി വിലയിരുത്താൻ പുതിയ ഡിജിറ്റൽ സംവിധാനം. എംഎൽഎമാരുടെ സഭയിലെ പ്രകടനവും ഇടപെടലുകളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന www.mlatrack.com എന്ന വെബ്‌സൈറ്റാണ് ഇപ്പോൾ പൊതുജനശ്രദ്ധ നേടുന്നത്. അത്യേതി റിസർച്ചും സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷനും സംയുക്തമായാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സാധാരണഗതിയിൽ മണ്ഡലത്തിലെ റോഡ്, പാലം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ മാത്രം നോക്കി ജനപ്രതിനിധികളെ വിലയിരുത്തുന്ന രീതിയിൽ നിന്നും മാറി, നിയമനിർമ്മാണ സഭയിൽ അവർ നടത്തുന്ന ഇടപെടലുകൾ കൂടി വോട്ടർമാരിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വെബ്‌സൈറ്റിന്റെ പ്രധാന സവിശേഷതകൾ
ഹാജർ നില: സഭാനടപടികളിൽ എംഎൽഎ എത്രത്തോളം സജീവമായി പങ്കെടുക്കുന്നു എന്ന് ഇതിലൂടെ അറിയാം. 85 ശതമാനത്തിലധികം ഹാജർ നിലനിർത്തിയ മികച്ച ജനപ്രതിനിധികളെ വെബ്‌സൈറ്റിൽ കണ്ടെത്താനാകും.
ചോദ്യങ്ങളും ഇടപെടലുകളും: 15-ാം കേരള നിയമസഭയുടെ ഇതുവരെയുള്ള സമ്മേളനങ്ങളിൽ ഉയർന്ന 65,000-ത്തിലധികം ചോദ്യങ്ങളുടെ വിവരങ്ങൾ സൈറ്റിലുണ്ട്. 1000-ത്തിലധികം ചോദ്യങ്ങൾ ഉന്നയിച്ച് സഭയിൽ സജീവമായ എംഎൽഎമാരുടെ വിവരങ്ങളും ലഭ്യമാണ്.
ചർച്ചകളിലെ പങ്കാളിത്തം: നിയമനിർമ്മാണത്തിലും മറ്റ് സുപ്രധാന ചർച്ചകളിലും എംഎൽഎമാരുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഡാറ്റാബേസ്. 100-ലധികം സംവാദങ്ങളിൽ പങ്കെടുത്ത അംഗങ്ങളുടെ പ്രൊഫൈലുകൾ ഇതിൽ പ്രത്യേകം കാണാം.
എംഎൽഎ ഫണ്ട്: ഓരോ മണ്ഡലത്തിലും അനുവദിക്കപ്പെട്ട എംഎൽഎ ഫണ്ട് എപ്രകാരമാണ് വിനിയോഗിക്കപ്പെട്ടതെന്നും മനസിലാക്കാൻ സാധിക്കും.
ജനപ്രതിനിധികൾ സഭയിൽ ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങൾ പലപ്പോഴും പൊതുജനങ്ങളിലേക്ക് എത്തുന്നില്ല. ഈ പോരായ്മ പരിഹരിക്കാനാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോം ഒരുക്കിയതെന്ന് എന്ന് സംഘാടകർ അറിയിച്ചു. തെരഞ്ഞെടുപ്പ് വർഷത്തിൽ, ഓരോ വോട്ടർക്കും തങ്ങളുടെ എംഎൽഎയുടെ പ്രവർത്തനങ്ങൾ ആധികാരികമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ ഈ വെബ്‌സൈറ്റ് വലിയൊരു സഹായമാകും.


