Covid 19 Death : രാജ്യത്തെ കൊവിഡ് മരണ കണക്ക് റിപ്പോർട്ട് ചെയ്തതിലും പല മടങ്ങ് കൂടുതൽ

By Web TeamFirst Published Jan 19, 2022, 9:49 AM IST
Highlights

ഒരു വ്യക്തി കൊവിഡ് പോസിറ്റീവായ ശേഷം മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി മാർഗനിർദ്ദേശം. ഗുജറാത്തിൽ നിന്ന് ഇത് വരെ കിട്ടിയത് 89,633 അപേക്ഷകളാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മരണ കണക്ക് പതിനായിരത്തിന് അടുത്താണ്.

ദില്ലി: രാജ്യത്തെ കൊവിഡ് മരണക്കണക്ക് (Covid Death Toll) സംസ്ഥാനങ്ങൾ പുറത്ത് വിട്ടതിനേക്കാൾ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോർട്ട്. സർക്കാരുകൾ സുപ്രീം കോടതിയിൽ നൽകിയ കണക്കുകളാണ് ഈ സൂചന നൽകുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയർന്ന മരണനിരക്കിലേക്ക് വിരൽ ചൂണ്ടുന്നത്. 

ഗുജറാത്തും തെലങ്കാനയും സമർപ്പിച്ച കണക്ക് വച്ച് ഇവിടെ ഏഴ് മുതൽ ഒമ്പത് മടങ്ങ് വരെ കൂടുതലാണ്. ഔദ്യോഗിക കണക്കും പിന്നീട് വന്നിരിക്കുന്ന അപേക്ഷകളും വച്ച് നോക്കുമ്പോൾ എറ്റവും വലിയ വ്യത്യാസം മഹാരാഷ്ട്രയിലാണ്. സുപ്രീം കോടതിയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മരണ കണക്ക് കൂടുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്.

ഒരു വ്യക്തി കൊവിഡ് പോസിറ്റീവായ ശേഷം മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി മാർഗനിർദ്ദേശം. പുതിയ മാർഗനിർദ്ദേശം അനുസരിച്ച് ഗുജറാത്തിൽ നിന്ന് ഇത് വരെ കിട്ടിയത് 89,633 അപേക്ഷകളാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മരണ കണക്ക് പതിനായിരത്തിന് അടുത്താണ്. ഇത് വരെ 68,370 അപേക്ഷകളിൽ സംസ്ഥാനം അനുകൂല തീരുമാനം എടുത്തിട്ടുണ്ട്. 58,840 കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകി. 

തെലങ്കാനയാണ് ഉയർന്ന മരണ കണക്ക് പുറത്ത് വരുന്ന മറ്റൊരു സംസ്ഥാനം. നാലായിരത്തിന് അടുത്ത് ഔദ്യോഗിക മരണം മാത്രമുള്ള ഇവിടെ ഇത് വരെ 29,000 അപേക്ഷകളാണ് കിട്ടിയത്. 15,270 അപേക്ഷകളിൽ അനുകൂല തീരുമാനം എടുത്ത് കഴിഞ്ഞു. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തി നാൽപ്പതിനായിരം മരണമാണ് ഔദ്യോഗിക കണക്കെങ്കിൽ ഇത് വരെ കിട്ടിയത് രണ്ടേകാൽ ലക്ഷത്തിന് അടുത്ത് അപേക്ഷകളാണ്. 

click me!