കൊവിഡ് 19; വൈറസിന്‍റെ രണ്ടാം വരവും നിയന്ത്രണത്തിൽ, ആശ്വാസ തീരത്ത് കേരളം

Published : Apr 09, 2020, 11:11 AM ISTUpdated : Apr 09, 2020, 11:19 AM IST
കൊവിഡ് 19; വൈറസിന്‍റെ രണ്ടാം വരവും നിയന്ത്രണത്തിൽ, ആശ്വാസ തീരത്ത് കേരളം

Synopsis

വിദേശത്തുനിന്നെത്തിയ 254 പേർക്ക് രോഗം ബാധിച്ചപ്പോൾ സമ്പർക്കത്തിലൂടെ 91 പേർക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. നാലു ദിവസം കൊണ്ട് മുപ്പതിനായിരത്തോളം പേരെ നിരീക്ഷണത്തിൽ നിന്നും മാറ്റാനും സംസ്ഥാനത്തിന് ആയി

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാത്തതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നതും കേരളത്തിന് ആശ്വാസമാകുന്നു. വിദേശത്തുനിന്നെത്തിയ 254 പേർക്ക് രോഗം ബാധിച്ചപ്പോൾ സമ്പർക്കത്തിലൂടെ 91 പേർക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കൊവിഡിന്‍റെ രണ്ടാം വരവും നിയന്ത്രണത്തിലാകുന്നുവെന്ന പ്രതീക്ഷ നൽകുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകൾ. 

സംസ്ഥാനത്താകെ രോഗം ബാധിച്ചത് 345 പേര്‍ക്കാണ്. ഇതിൽ 84  പേർക്ക് അസുഖം ഭേദമായി. 259 പേ‍ർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ രോഗം ബാധിച്ചവരിൽ 254 പേർ കൊവിഡ് ബാധിത മേഖലയിൽനിന്നെത്തിയവരാണ്. ലോകാരോഗ്യ സംഘടനയുടെ ആർ നോട്ട് എന്ന വൈറസ് വ്യാപന തോത് അനുസരിച്ചാണെങ്കിൽ ഒരു രോഗിയിൽ നിന്നും രണ്ട് മുതൽ മൂന്ന് വരെ പേർക്ക് രോഗം പകരാം. അവരിൽ നിന്ന് അടുത്ത 2 മുതൽ 3വരെ പേരിലേക്ക്. ഇങ്ങനെ ആണെങ്കിൽ  സംസ്ഥാനത്ത് ഇതിനകം സമ്പർക്കത്തിലൂടെ അയ്യായിരത്തോളം കേസുകളുണ്ടാകണമെന്നാണ് ആരോഗ്യവകുപ്പ് കണക്ക് കൂട്ടിയിരുന്നത്. പക്ഷെ നിലവിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 91 മാത്രമാണെന്നിടത്താണ് വലിയ ആശ്വാസം. 

സമ്പർക്കത്തിലൂടെ രോഗം വന്നവരിൽ നിന്ന് പിന്നീട് മറ്റുള്ളവരിലേക്ക് രോഗം പകർന്നിട്ടില്ലെന്നതാണ്  കേരളത്തിന്  നേട്ടമായത്. സമൂഹവ്യാപനം ഇല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.  പൊതുസ്ഥലങ്ങളിൽ നിന്ന് രോഗം പകർന്നതായും തെളിവില്ല. മരണനിരക്കാകട്ടെ ഒരു ശതമാനത്തിൽ താഴെയാണ്. ലോകത്ത് ഇത് 5.75 ശതമാനവും രാജ്യത്തെ തോത് 2.83 ശതമാനവുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതൽ. കഴിഞ്ഞ 6 ദിവസങ്ങളിലായി പുതിയ രോഗികളുടെ എണ്ണമാകട്ടെ 11ന് താഴെയാക്കി നിര്‍ത്താനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

കർശന നിരീക്ഷണ നടപടികളും ജാഗ്രതയുമാണ് രോഗവ്യാപനത്തെ ഒരുപരിധി വരെ തടയാൻ സഹായിച്ചത്. പക്ഷെ ഹൈ റിസ്ക്ക് കേസുകൾക്ക് 28 ദിവസം വരെയാണ് നിരീക്ഷണ കാലാവധി എന്നതിനാൽ വരും ആഴ്ചകളും വളരെ അധികം നിർണ്ണായകമാണ്.  ജനുവരി 30ന് വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് രോഗബാധയുണ്ടാതായിരുന്നു കേരളത്തിലെ ആദ്യഘട്ടം. ഇവർ സുഖം പ്രാപിച്ചതോടെ ആദ്യഘട്ടം അവസാനിച്ചു. റാന്നിയിൽ ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിനും അവരിലൂടെ ബന്ധുക്കളിലൂടെ പകർന്നതുമാണ് കേരളത്തിൽ രണ്ടാംഘട്ടത്തിന് തുടക്കമിട്ടത്. ജാഗ്രത കർശനമായി തുടരണമെന്നിരിക്കെ ലോക്ക് ഡൗണിൽ വരുന്ന ഇളവുകളും പ്രധാനമാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്