കൊവിഡ് ആശങ്കയിൽ എറണാകുളം; ജില്ലയിൽ നിശബ്ദ വ്യാപനത്തിന്‍റെ സാധ്യതകൾ ശക്തം

By Web TeamFirst Published Jul 10, 2020, 5:56 AM IST
Highlights

ജൂലൈ മാസത്തിൽ ഈ ഒൻപത് ദിവസം കൊണ്ട് തന്നെ സമ്പർക്ക രോഗികൾ 54ൽ എത്തി. ഇന്നലെയും രോഗം സ്ഥിരീകരിച്ച 12 ൽ 4 പേ‍ർക്കും സമ്പർക്കം വഴിയാണ് രോഗം. 

കൊച്ചി: എറണാകുളം ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക. ജില്ലയിൽ ഇത് വരെ സമ്പർക്കത്തിലൂടെ രോഗം പകർന്ന 79ൽ 54 കേസുകളും കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. നിയന്ത്രിത മേഖലകളിൽ ട്രിപ്പിൾ ലോക് ഡൗണിന് തുല്യമായ കർശന നടപടികളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. കൊച്ചിയിൽ സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രിയും തുറന്ന് സമ്മതിച്ചിരുന്നു. 

തത്കാലം ലോക്ഡൗണിലേക്ക് ഇല്ല എന്ന് പറയുമ്പോഴും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്‍റെ സാധ്യതകൾ ശക്തമാണ്. ഇതിൽ ജൂൺ മാസത്തിൽ 13 പേർക്കാണ് സമ്പർക്കം വഴി രോഗം പകർന്നത്. എന്നാൽ ജൂലൈ മാസത്തിൽ ഈ ഒൻപത് ദിവസം കൊണ്ട് തന്നെ സമ്പർക്ക രോഗികൾ 54ൽ എത്തി. ഇന്നലെയും രോഗം സ്ഥിരീകരിച്ച 12 ൽ 4 പേ‍ർക്കും സമ്പർക്കം വഴിയാണ് രോഗം. 

കൊച്ചി ബ്രോഡ്‍വെ ക്ലസ്റ്ററിൽ ചായക്കട നടത്തുന്ന എറണാകുളം സ്വദേശിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആലുവയിലെ ചുമട്ട് തൊഴിലാളിയുടെ അടുത്ത ബന്ധുവിനും, എടത്തലയിലും,തൃക്കാക്കരയിലും രോഗിയിൽ നിന്ന് മറ്റൊരാൾക്ക് കൂടി രോഗം പകർന്നു. ആലുവയിലെ 13 വാർഡുകളും, തീരദേശമേഖലയായ ചെല്ലാനം ഗ്രാമപഞ്ചായത്തും, കൊച്ചി സിറ്റിയിൽ 10 വാർഡുകളും നിയന്ത്രിത മേഖലയാണ്. ചമ്പക്കര, ബ്രോഡ്വെ, വരാപ്പുഴ, ആലുവ മാർക്കറ്റുകൾ അടച്ചു. ഈ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് കൂടുതൽ ആന്‍റിജെൻ ടെസ്റ്റ് ഉൾപ്പടെ നടത്തും.

രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജനറൽ ആശുപത്രിയിലെ കാർഡിയോളജി, ജനറൽ മെഡിക്കൽ വിഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇതിന് പരിഹാരമായി പി വി എസ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗം ഒ പി തുടങ്ങാനാണ് തീരുമാനം. പനി ഉൾപ്പെടെ ഉള്ള രോഗവുമായി വരുന്നവരെ മെഡിക്കൽ കോളജിലേക്കു മാറ്റും. കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയായി തുടരാനാണ് തീരുമാനം. കൊവിഡ് ഇതര ചികിത്സക്ക് ജില്ലയിൽ സൗകര്യമില്ലാത്ത സാഹചര്യം സാധാരണക്കാരായ രോഗികൾക്ക് പ്രതിസന്ധിയാവുകയാണ്.

click me!