കൊവിഡ് ഭീതിയിൽ പത്തനംതിട്ട: ആളനക്കമില്ലാതെ റാന്നി

By Web TeamFirst Published Mar 9, 2020, 1:26 PM IST
Highlights

പതിവ് തിരക്ക് നഗരത്തിലില്ല. റാന്നിയിലേക്ക് പോകുന്ന ബസുകളിൽ യാത്രക്കാര്‍ തീരെ കുറവാണ് . 

പത്തനംതിട്ട: കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയിൽ ജനം ഭീതിയിൽ.  ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടുവും നൽകിയ ജാഗ്രതാ നിര്‍ദ്ദേശം നിലനിൽക്കെ പുറത്തിറങ്ങാൻ പോലും മടിക്കുകയാണ് പൊതുജനങ്ങൾ. പതിവ് തിരക്കൊന്നും നഗരത്തിലില്ല. ജനജീവിതം ഏറെക്കുറെ നിശ്ചലമാണ്. ആൾത്തിരക്കുണ്ടാകാറുള്ള നഗരമേഖലകളും ബസ് സ്റ്റാന്‍റുകളും ആളൊഴിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. 

ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേരടക്കം അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ റാന്നി മേഖലയിലും ജനം ഭീതിയിലാണ്. കൊവിഡ് സ്ഥിരീകരിച്ച റാന്നിലേക്കുള്ള ബസുകളിൽ യാത്രക്കാരില്ല.ആളുകൾ ഇല്ലാത്തതിനാൽ പല ബസുകളും സർവ്വീസ് നടത്തുന്നില്ല.

മുൻകരുതലെന്ന നിലയിൽ ഭൂരിപക്ഷം ആളുകളും മാസ്കുകൾ ധരിച്ചാണ് പുറത്തിറങ്ങുന്നത്.പക്ഷേ നഗരത്തിലെ മെഡിക്കൽ സ്റ്റോറുകളിലും മറ്റിടങ്ങളിലും മാസ്കുകൾ  കിട്ടാനില്ലാത്ത  അവസ്ഥയും നിലവിലുണ്ട്. കച്ചവട സ്ഥാപനങ്ങൾ തുറന്നിട്ടുണ്ടെങ്കിലും എവിടെയും ആളുകൾ എത്താത്ത അവസ്ഥയാണ്. പൊതു പരിപാടികളും മതപരമായ ചടങ്ങുകളും മാറ്റിവെക്കുകയാണ്. കോവിഡ് ഭീതിയെത്തുടർന്ന് ജില്ലയിൽ ജനജീവിതം ഏതാണ്ട് നിശ്ചലമാണ്.

click me!