
കൊച്ചി: ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞ യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് അറസ്റ്റ് ചെയ്തത്. 54 കാരനായ ഇയാൾ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും.
അവശ്യ സർവ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. കാസർകോട് ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് എസ്പിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 93 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോഴിക്കോട് ഇന്നലെ രാത്രി രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനഫലങ്ങൾ ഇന്ന് കിട്ടും.
ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാർ ആവർത്തിച്ചു. കേരളം അടച്ച് പൂട്ടലിലാണെങ്കിലും അവശ്യസാധനങ്ങൾ കിട്ടും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാൽ,പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉണ്ട്. കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കും.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam