
ലോക്ക്ഡൗണില്‍ പട്ടാമ്പിയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ പരിശീലകന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ബള്‍ഗേറിയന്‍ പൗരനായ ദിമതര്‍ പാന്റേവാണ് കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിവരെയും അഭിനന്ദിച്ച് കുറിപ്പെഴുതിയത്. കേരളത്തിന്റെ പ്രകൃതി ഭംഗിയും ആതിഥ്യമര്യാദയും പാന്റേവ് വിശദമായി എഴുതിയിട്ടുണ്ട്. കൊവിഡ് ഭീഷണി ഒഴിഞ്ഞതിന് ശേഷം പിണറായി വിജയനെയും ശൈലജയെയും നേരില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കേരളം കാഴ്ചവെക്കുന്നത് തുല്യതയില്ലാത്ത പോരാട്ടമാണെന്നും അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന പ്രശംസയില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
"ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച് 16 സ്‌പോര്‍ട്‌സ് സര്‍വീസ് എന്ന സ്ഥാപനമാണ് പെന്റേവിനെ പരിശീലനത്തിനായി കേരളത്തിലേക്ക് ക്ഷണിച്ചത്. റിയാസ് കാസിം, യൂസഫ് അലി എന്നിവരാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടക്കാര്‍. യുഎഇ താരം ഹസന്‍ അലി ഇബ്രാഹിം അല്‍ ബ്ലൂഷിയാണ് സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. അവരുടെ ക്ഷണപ്രകാരമാണ് കേരളത്തിലെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്നറിഞ്ഞു.
അന്താരാഷ്ട്ര തലത്തിലെ എന്റെ അനുഭവ സമ്പത്ത് കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. കേരളത്തില്‍ ധാരാളം ഫുട്‌ബോള്‍ ആരാധകരുണ്ട്. അവരുടെ അപേക്ഷ ഞാന്‍ ഏറ്റെടുത്ത് 2020 മാര്‍ച്ച് നാലിന് കാലിക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങി. എയര്‍പോര്‍ട്ടില്‍ നിന്ന് വാവ, കുഞ്ഞാനു എന്നിവരാണ് എന്നെ കൂട്ടാനെത്തിയത്. കേരളത്തിന്റെ ആതിഥ്യ മര്യാദ വാക്കുകളില്‍ ഒതുക്കാനാവില്ല. എല്ലാവരും എന്നെ അത്ഭുതപ്പെടുത്തി. മനോഹരമായ പ്രകൃതി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് എന്തുകൊണ്ടും ഈ നാട് അര്‍ഹമാണെന്ന് പറയാതെ വയ്യ.
എന്നാല്‍, കൊറോണ മഹാമാരി കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് എന്നില്‍ ആശങ്കയുണ്ടാക്കി. വീട്ടില്‍ പോകാനാകുമോ എന്ന് ഭയപ്പെട്ടു. എന്നാല്‍, പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ സാരഥ്യം ഏറ്റെടുക്കുന്നതാണ് കണ്ടത്. പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ നാടിനെ നയിക്കുന്നു. അവരുടെ കാര്യപ്രാപ്തിക്കും ദുരന്തനിവാരണ കഴിവിനും ഞാനും സാക്ഷിയാകുന്നു. പട്ടാമ്പിയിലെ ക്വാറന്റൈന്‍ കാലത്ത് മുതുമല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയ ദാസ് എന്നെ ദിവസവും വിളിക്കും. ആരോഗ്യനില അന്വേഷിക്കും. പൊലീസും നല്ല രീതിയില്‍ സഹകരിച്ചു.
കൊവിഡ് യൂറോപ്പിലും മറ്റ് ഭാഗങ്ങളിലും മഹാമാരിയായി പതിക്കുമ്പോള്‍ കേരളത്തിലായതില്‍ അനുഗ്രഹമായി തോന്നുന്നു. പിണറായി വിജയനെയും ശൈലജയെയും നേരില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അവരോട് എന്റെയും കുടുംബത്തിന്റെയും ക്ഷേമാന്വേഷണങ്ങള്‍ നേരിട്ട് അറിയിക്കണം. ഫുട്‌ബോള്‍ അസോസിയേഷനോടും പ്രാദേശിക ഫുട്‌ബോള്‍ കൂട്ടായ്മയോടും ഒരുപാട് നന്ദിയുണ്ട്"-ദിമിതര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam