Covid 19 India : കേസ് കൂടുന്നു, പരിശോധനയും കൂട്ടിയെന്ന് കേന്ദ്രം; കേരളമടക്കം ആറിടത്തേക്ക് കേന്ദ്ര സംഘം വരുന്നു

By Web TeamFirst Published Jan 20, 2022, 4:47 PM IST
Highlights

രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇത്തവണ മരണം കുറവാണെന്നും ആരോഗ്യമന്താലയം ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം 2 ശതമാനം  ആയിരുന്നു. ഇത് വാക്സിനേഷന്റെ പ്രാധാന്യം കാണിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. 

ദില്ലി: കൊവിഡ് കണക്ക് ഉയരുന്നതിനിടെ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് (Health Ministry). മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരള, ദില്ലി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് (Covid) സാഹചര്യത്തിലാണ് ആശങ്ക രേഖപ്പെടുത്തിയത്. ഈ ആറ് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘത്തെ അയച്ചതായി മന്ത്രാലയം അറിയിച്ചു. 

കോവിഡ് കണക്ക് ഉയരുകയാണെന്ന് ആരോഗ്യമന്ത്രാലയം സമ്മതിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ കൊവിഡ് പരിശോധന കൂട്ടി. രോഗബാധിതർ കൂടുന്നതിനൊപ്പം പരിശോധനയും കൂടുന്നുണ്ടെന്നാണ് വിശദീകരണം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇത്തവണ മരണം കുറവാണെന്നും ആരോഗ്യമന്താലയം ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം 2 ശതമാനം  ആയിരുന്നു. ഇത് വാക്സിനേഷന്റെ പ്രാധാന്യം കാണിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. 

രാജ്യത്ത് 70 ശതമാനം പേർ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചു. 90 ശതമാനത്തിൽ അധികം പേർ ഒരു ഡോസ് വാക്സീനും എടുത്ത് കഴിഞ്ഞു.  ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം 60.47 ലക്ഷം കടന്നു. കോവാക്സിനും കോവിഷീൽഡിനും ഡിസിജിഐയുടെ പൂർണ്ണ വാണിജ്യ അനുമതി ഉടൻ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വാക്സീനുകൾക്ക് വാണിജ്യ അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. അനുമതി ലഭിച്ച ശേഷവും കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ മാത്രമേ വാക്സീൻ നൽകാൻ അനുവദിക്കുകയുള്ളു എന്നാണ് വിവരം.

രാജ്യത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. മുംബൈയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോൾ പുണെയിൽ രോഗ വ്യാപനം കൂടി. 12000ത്തിൽ അധികം പേർക്കാണ് ഇന്നലെ പുണെയിൽ രോഗം സ്ഥിരീകരിച്ചത്. കർണാടകയാണ് കൊവിഡ് വ്യാപനം രൂക്ഷമായ രണ്ടാമത്തെ സംസ്ഥാനം. കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ 20000ത്തിൽ അധികമാണ് കേസുകൾ. ദില്ലി രാജസ്ഥാൻ ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ 10000ത്തിന് മുകളിലെത്തി. 

പ്രതിദിന കേസുകളിൽ ഇപ്പോൾ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്. പതിമൂന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് മരണ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്.

click me!