സംസ്ഥാനത്ത് തീവ്രപരിചരണം പാളുന്നു; സര്‍ക്കാര്‍ ആശുപത്രികളിൽ ഐസിയു , വെന്‍റിലേറ്ററുകള്‍ നിറഞ്ഞു

By Web TeamFirst Published May 5, 2021, 1:08 PM IST
Highlights

ഇതോടെ സര്‍ക്കാര്‍ മേഖലയിലേക്ക് ഇനി രോഗികളെത്തിയാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനാണ് നിര്‍ദേശമെങ്കിലും പരമാവധി സ്ഥലവും വാര്‍ഡുകളും കൊവിഡ് ചികില്‍സക്കായി മാറ്റിക്കഴിഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കൊവി‍ഡ് ചികില്‍സക്കായി മാറ്റിയ ഐസിയുകളും വെന്‍റിലേറ്ററുകളും നിറഞ്ഞു. സ്വകാര്യ മേഖലയിലാകട്ടെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാല്‍ തീവ്ര പരിചരണം പാളും. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സക്കായി ആകെയുള്ള 161 ഐസിയു കിടക്കകളിലും ഇപ്പോൾ രോഗികളുണ്ട്. 138 വെന്‍റിലേറ്ററുകളില്‍ 4 എണ്ണം മാത്രം ഒഴിഞ്ഞു കിടക്കുന്നു. 429 ഓക്സിജൻ കിടക്കകളില്‍ 90ശതമാനവും നിറഞ്ഞു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ആകെയുള്ള 52 ഐസിയു കിടക്കകളിലും രോഗികളുണ്ട്. 38 വെന്‍റിലേറ്ററുകളില്‍ 26 എണ്ണത്തില്‍ രോഗികൾ. 60 ഓക്സിജൻ കിടക്കകളിൽ  54ഉം രോഗികള്‍. കോഴിക്കോട് മെഡിക്കല്‍ കോളജിൽ 36 ഐസിയു കിടക്കകളില്‍ 7 എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 40 വെന്‍റിലേറ്ററുകളില്‍ 31ലും രോഗികള്‍. 200 ഓക്സിജൻ കിടക്കകളില്‍ രോഗികളില്ലാത്തത് 22 എണ്ണത്തില്‍ . ആലപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. 76 ഐസിയു കിടക്കകളില്‍ 34 എണ്ണത്തില്‍ രോഗികള്‍. വെന്‍റിലേറ്ററുകളില്‍ 11പേര്‍. 138 ഓക്സിജൻ കിടക്കകളും നിറഞ്ഞു. ജില്ലാ ജനറല്‍ ആശുപത്രികളിലുള്ള ഐസിയു വെന്‍റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഇതിലും നിറയെ രോഗികള്‍. 

ഇതോടെ സര്‍ക്കാര്‍ മേഖലയിലേക്ക് ഇനി രോഗികളെത്തിയാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനാണ് നിര്‍ദേശമെങ്കിലും പരമാവധി സ്ഥലവും വാര്‍ഡുകളും കൊവിഡ് ചികില്‍സക്കായി മാറ്റിക്കഴിഞ്ഞു. ഇനിയും ഓക്സിജൻ കിടക്കകൾ തയാറാക്കിയാൽ ഓക്സിജൻ പമ്പ് ചെയ്യുന്നതിന്‍റെ ശക്തി കുറയുമെന്ന ആശങ്കയുമുണ്ട്. സ്വകാര്യ ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭൂരിഭാഗം ആശുപത്രികളിലും ഐസിയു വെന്‍റിലേറ്റര്‍ കിട്ടാനില്ല. ഓക്സിജൻ കിടക്ക കിട്ടണമെങ്കിലും നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. 

ഇക്കണക്കിന് പോയാൽ തീവ്രപരിചരണം കിട്ടാത്ത സാഹചര്യം ഉണ്ടാകും. നിലവില്‍ 28115 രോഗികളാണ് ആശുപത്രികളില്‍ ചികിൽസയിലുള്ളത് . ഇതിൽ1975 രോഗികൾ ഐസിയുകളിലും 756 രോഗികള്‍ വെന്‍റിലേറ്ററുകളിലുമുണ്ട് . 

click me!