കൊറോണക്കാലത്ത് ഉദ്ഘാടന മഹാമഹം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നു

By Web TeamFirst Published Sep 8, 2020, 6:59 AM IST
Highlights

കഴിഞ്ഞ ഏഴ് ദിവസത്തില്‍ മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകൾ കോഴിക്കോട്ട് മാത്രം 18 എണ്ണം. ഓരോ ജില്ലയിലും ഏഴ് ദിവസത്തിനിടെ നടന്നത് പത്തിൽ കൂടുതൽ പരിപാടികൾ.  

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊറോണക്കിടയിലും സംസ്ഥാനത്ത് ഉദ്ഘാടന മഹാമഹം. ഈ മാസം മാത്രം നൂറോളം ചടങ്ങുകളാണ് നടക്കുന്നത്. ഭൂരിഭാഗം പരിപാടികളും തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവുമാണ് എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് മാത്രമെടുക്കാം. മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകൾ കോഴിക്കോട്ട് മാത്രം 18 എണ്ണം. ഇനി സംസ്ഥാനത്തെ കണക്കുകളിലേക്ക്. ഓരോ ജില്ലയിലും ഏഴ് ദിവസത്തിനിടെ നടന്നത് പത്തിൽ കൂടുതൽ പരിപാടികൾ. ഇനി നടക്കാനുള്ള നൂറോളം പരിപാടികൾ വേറെയും. മന്ത്രിയോ എംഎൽഎ യോ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങുകളുടെ മാത്രം കണക്കാണിത്. 

ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാർ, അംഗങ്ങൾ, ജില്ലാ കളക്ടർമാർ എന്നിവരെല്ലാം പങ്കെടുത്ത പരിപാടികളുടെ കണക്കിലെടുത്താൽ ഇനിയും കൂടും. പണി പൂർത്തിയായ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തതെല്ലാം എന്ന് കരുതണ്ട. കോഴിക്കോട് ജില്ലയിലെ 12 ചടങ്ങുകളും കല്ലിടലോ പ്രവൃത്തി ഉദ്ഘാടനമോ മാത്രമായിരുന്നു. കൊവിഡ് കാലത്ത് പൂർണമായും ഒഴിവാക്കേണ്ടവ. ഓണ്‍ലൈൻ പഠന കേന്ദ്രത്തിലേക്ക് ടി വി വിതരണം. ഇട റോഡുകളുടെ നിർമ്മാണോൽഘാടനം എന്നിവയ്ക്ക് പോലും പലയിടത്തും എംഎൽഎമാർ നേരിട്ടെത്തി.

കൊവിഡ് മാനദണ്ഡങ്ങൾ ഭൂരിഭാഗം മന്ത്രിമാരും പാലിച്ചപ്പോൾ അധ്യക്ഷനടക്കം സദസ്സിൽ തിങ്ങിക്കൂടിയത് നിരവധി പേർ. കൊല്ലത്ത് മന്ത്രി രാജു പങ്കെടുത്ത മുട്ടക്കോഴി വിതരണ പരിപാടിയിൽ ഒരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ല. കോട്ടയം കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി ഓണ്‍ലൈനായി നിർവ്വഹിച്ചപ്പോൾ സ്ഥലം എംഎൽഎ പി സി ജോർജ്ജ് നേരിട്ടെത്തി. പത്തനംതിട്ട ഉപദേശിക്കടവ് പാലത്തിന്‍റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ഓണ്‍ലൈനായാണ് നിർവ്വഹിച്ചതെങ്കിലും പരിപാടിയിൽ പങ്കെടുക്കാനെത്തിയത് നിരവധി പേർ.

പലയിടത്തും ഉദ്ഘാടന ചടങ്ങുകളിൽ പ്രതിഷേധക്കാരുമെത്തിയതോടെ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പൂർണമായും അവഗണിക്കപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാൻ നിരന്തരം ആഹ്വാനം ചെയ്യുന്ന സർക്കാർ സംവിധാനം തന്നെ അത് ലംഘിക്കുന്ന കാഴ്ച. മന്ത്രിമാർ ഓണ്‍ലൈനായി പങ്കെടുക്കുമ്പോഴും മാതൃകയാകേണ്ട മറ്റ് ജനപ്രതിനിധികൾ നേരിട്ടെത്തുന്നത് വെല്ലുവിളിയാകുന്നു.

click me!