
തിരുവനന്തപുരം: കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ വൻ വീഴ്ച വരുത്തിയെന്ന് ആക്ഷേപവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള ഭീതിദമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പരിശോധനകളും ജാഗ്രതയും ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 26 ന് തന്നെ കേന്ദ്രസര്‍ക്കാര്‍ കത്ത് നൽകിയിരുന്നു. അതിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും ആണ് കെ സുരേന്ദ്രന്‍റെ ആരോപണം.
കൊവിഡ് ഒറ്റക്കെട്ടായി നേരിടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെങ്കിലും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യ.
സിംഗപ്പൂര്‍, കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ കര്‍ശനമായി പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 26ന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ, സംസ്ഥാന ആരോഗ്യ വകുപ്പ് ആ നിര്‍ദ്ദേശം പാടെ ആവഗണിച്ചെന്നും കെ സുരേന്ദ്രന്‍ പറയുന്നു.
ആദ്യ കൊറോണ റിപ്പോര്‍ട്ട് ചെയ്തശേഷം, അതിനെ പരാജയപ്പെടുത്തിയെന്ന ആഘോഷത്തിലായിരുന്നു സര്‍ക്കാര്‍. മറ്റുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്ന തിരക്കില്‍ കേന്ദ്രനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം വരുത്തുകയാണുണ്ടായത്.
ഫെബ്രുവരി 29നാണ് ഇറ്റലിയില്‍ നിന്നുള്ളവര്‍ വിമാനത്താവളത്തിലെത്തിയത്. അന്നുതന്നെ കര്‍ശനമായ പരിശോധനകളും ചോദ്യംചെയ്യലുമെല്ലാം ഉണ്ടായിരുന്നെങ്കില്‍ രോഗം പടരുന്ന സാഹചര്യം ഒഴിവാക്കാനാകുമായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് മാര്‍ച്ച് രണ്ടിനുമാത്രമാണ്.
പൊതുപരിപാടികളും ഉത്സവങ്ങളുമടക്കം എല്ലാം നിയന്ത്രിച്ചിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. അത് അത്യാവശ്യവും ആണ്. സിനിമാ തീയറ്ററുകളും അടച്ചിട്ടിരിക്കുന്നു. എന്നാല്‍ ഇത് ബാറുകള്‍ക്ക് ബാധകമാക്കാത്തത് വിരോധാഭാസമാണ്. കൂടുതല്‍ ആളുകൾ ഒത്തു ചേരുന്ന ഇടങ്ങളാണ് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും. എല്ലായിടത്തും കര്‍ശനമായി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ബാറുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് അത്തരം നടപടികളിലേക്ക് പോകുന്നില്ലെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam