കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ല? ഓഡിയോ പുറത്ത്

By Web TeamFirst Published Jun 20, 2020, 1:16 PM IST
Highlights

തിങ്കളാഴ്ച ഐസിയുവിൽ നിന്നും സുനിൽ അയച്ച ഓഡിയോ സന്ദേശമാണ് ബന്ധുക്കൾ പുറത്ത് വിട്ടത്. 

കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന ് അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളും നിലവിലുള്ള കണ്ണൂരിൽ കൊവിഡ് രോഗികളുടെ പരിചരണത്തിനെതിരെയും പരാതി. മതിയായ ചികിത്സയും പരിചരണവും കിട്ടിയിട്ടില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍റെ കുടുംബം രംഗത്തെത്തി. 

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച് രണ്ടുദിവത്തിനകം മരിച്ച എക്സൈസ് ഡ്രൈവർക്ക് നൽകിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി സുനിലിന്റെ കുടുംബം എത്തിയതെന്നതും ശ്രദ്ധേയമാണ്. ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ പറയുന്ന ഫോൺ റെക്കോർഡ് കുടുംബം പുറത്തുവിട്ടു. 

കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ സുനിലിനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. തിങ്കളാഴ്ച ഐസിയുവിൽ നിന്നും ബന്ധുവിന് സുനിൽ അയച്ച ഓഡിയോ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്. 

ആരോപണം പക്ഷെ പരിയാരം മെഡിക്കൽ കോളേജ്  അധികൃതര്‍ നിഷേധിക്കുകയാണ്. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരിക്കുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ചയാണ് സുനിൽ മരണത്തിന് കീഴടങ്ങിയത്.

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന 28 കാരൻ മരിച്ചതിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. അതേസമയം സുനിലിനും കണ്ണൂർ ടൗണിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന 14 കാരനും രോഗബാധയുണ്ടായത് സംബന്ധിച്ച് ഒരു സൂചനയും ഇല്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. രോഗം ബാധിച്ചവർ വിശദാംശങ്ങൾ പറയാത്തത് കണ്ണൂരിൽ പ്രതിസന്ധിയാണെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം കണ്ണൂരി‍ൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. ഇന്ന് വരെ  64 പേര്‍ക്ക് സമ്പര്‍ക്കം വിഴി കൊവിഡ് പിടിപെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. നാല് പേർ  ജില്ലയിൽ മരിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകളിൽ മാറ്റം ഉണ്ടാകുന്നതിനു അനുസരിച്ചു  ഇളവുകൾ വരുത്തുമെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി ഇപി ജയരാജൻ പറഞ്ഞു

 

 

click me!