ഇന്ന് 16,671 പുതിയ രോഗികൾ, 14,242 രോഗമുക്തി, 120 മരണം; കൊവിഡ് റീ-ഇൻഫെക്ഷൻ കൂടുതൽ യുവാക്കളിലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Sep 25, 2021, 6:08 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1,14,627 ടെസ്റ്റുകൾ നടത്തി. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 1,65,154 പേരാണ് ചികിത്സയിലുള്ളത്. 

കൊവിഡ് കേസുകളിലെ വളർച്ചാ നിരക്ക് മറ്റ് ആഴ്ചകളെ അപേക്ഷിച്ച് ഈ ആഴ്ചയിൽ 5 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചെറുപ്പക്കാർക്ക് ഇടയിൽ കൊവിഡ് റീ - ഇൻഫെക്ഷൻ കൂടുതലാണ്. പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇത് കൂടുതലാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ കൊവിഡ് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. കൊവിഡ് മരണം 57.6 %വും വാക്സിൻ എടുക്കാത്തവരെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 26.3% ആദ്യഡോസ് എടുത്തവരാണ്. 7.9% രണ്ടു ഡോസ് എടുത്തവരും മരിച്ചു. ഇവരിൽ ഭൂരിഭാഗവും പ്രായാധിക്യം, അനുബന്ധ രോഗങ്ങൾ ഉള്ളവർ ആയിരുന്നു. ആകെ മൂന്നരക്കോടി ഡോസ് വാക്സിൻ നൽകി.  91.61% പേർക്ക് ആദ്യഡോസ് വാക്സീൻ നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,73,920 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,893 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,027 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,65,154 കോവിഡ് കേസുകളില്‍, 12.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,248 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 692 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,242 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2488, കൊല്ലം 141, പത്തനംതിട്ട 218, ആലപ്പുഴ 1145, കോട്ടയം 1605, ഇടുക്കി 651, എറണാകുളം 567, തൃശൂര്‍ 2496, പാലക്കാട് 711, മലപ്പുറം 1397, കോഴിക്കോട് 1118, വയനാട് 331, കണ്ണൂര്‍ 1019, കാസര്‍ഗോഡ് 355 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,65,154 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,23,772 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകൾ 

തൊട്ടു മുന്‍പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 8% കുറവു വന്നിട്ടുണ്ട്.  രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി ആക്ടീവ് കേസുകള്‍ 1,70,669 ആയിരുന്നു. അതില്‍ ശരാശരി 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നത്. ഈ കാലയളവില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ ഏകദേശം 7,000  കേസുകളുടെ കുറവുണ്ടായിട്ടുണ്ട്. പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളര്‍ച്ചാ നിരക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ 5 ശതമാനം കുറഞ്ഞു. സജീവമായ രോഗികളുടെ എണ്ണം, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്‍റിലേറ്റര്‍, ഓക്സിജന്‍ സപ്പോര്‍ട്ട് എന്നിവയില്‍ പ്രവേശിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ യഥാക്രമം 16 ശതമാനം, 7 ശതമാനം, 21 ശതമാനം, 3 ശതമാനം, 6 ശതമാനം എന്നിങ്ങനെ കുറഞ്ഞു. 

രോഗം ഒരു തവണ വന്നവരില്‍ രോഗബാധ വീണ്ടും ഉണ്ടാകുന്നത് കുറഞ്ഞു വരുന്ന പ്രവണതയാണുള്ളത്.  ഇത്തരം കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഈ വര്‍ഷത്തേക്കാള്‍ 6 മടങ്ങായിരുന്നു. പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുപ്പക്കാര്‍ക്കിടയിലാണ് രോഗബാധ വീണ്ടും  കൂടുതലായി ഉണ്ടാകുന്നത്. 

നിലവില്‍ സംസ്ഥാനത്തെ ആര്‍ ഫാക്റ്റര്‍ 0.94 ആണ്. ആര്‍ ഫാക്റ്റര്‍ ഒന്നിലും കുറയുമ്പോള്‍ രോഗം കുറഞ്ഞു വരുന്നു എന്ന സൂചനയാണ് ലഭിക്കുക. ഏറ്റവും ഉയര്‍ന്ന ആര്‍ ഫാക്റ്റര്‍ കോട്ടയം ജില്ലയിലാണ്. 1.06 ആണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലും ആര്‍ ഫാക്റ്റര്‍ ഒന്നിനു മുകളിലാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 0.72 ആണ് അവിടത്തെ ആര്‍ ഫാക്റ്റര്‍. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുകയാണ്. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്നവരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 6.7% കുറവ് അക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ആഗസ്റ്റ് 29  മുതല്‍ സെപ്റ്റംബര്‍ നാലു വരെയുള്ള ദിവസങ്ങളില്‍ 1979 രോഗികളാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കപ്പെട്ടതെങ്കില്‍, സെപ്തംബര്‍ 19 മുതല്‍ സെപ്തംബര്‍ 24 വരെയുള്ള ദിവസങ്ങളില്‍ 1361 കേസുകളായി അത് കുറഞ്ഞു. ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിക്കേണ്ടി വരുന്ന രോഗികളില്‍ 52.7% പേരും വാക്സിന്‍ എടുക്കാത്തവരാണ്. 

കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്സിന്‍ എടുക്കാത്തവര്‍ക്കാണ് സംഭവിച്ചത്. മരിച്ചവരില്‍ 26.3% പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തവരും, 7.9% പേര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരുമാണ്. വാക്സിന്‍ എടുത്തിട്ടും മരണമടഞ്ഞവരില്‍ ബഹുഭൂരിഭാഗം പേരും പ്രായാധിക്യമുള്ളവരോ രണ്ടോ അതില്‍ കൂടുതലോ അനുബന്ധ രോഗമുള്ളവരോ ആയിരുന്നു.

പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നര കോടി ഡോസ് (3,50,12,467) വാക്സിന്‍ നല്‍കാനായി. ആദ്യ ഡോസ് വാക്സിനേഷന്‍ 91.62 ശതമാവും (2,44,71,319), രണ്ടാം ഡോസ് വാക്സിനേഷന്‍ 39.47 ശതമാനവുമാണ് (1,05,41,148).

സംസ്ഥാനത്ത് ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്സിന്‍ എടുക്കാനുള്ളത്. 

സംസ്ഥാനത്തെ വാക്സിനേഷന്‍ നിരക്ക് തൊണ്ണൂറു ശതമാനമെത്തിയ സാഹചര്യത്തില്‍  പുറത്തിറങ്ങാനുള്ള നിബന്ധനകള്‍ ഇനിയും നിഷ്കര്‍ഷിക്കുന്നതില്‍ സാംഗത്യമില്ല.   ഒരു ഡോസ് വാക്സിനേഷനെങ്കിലും സ്വീകരിച്ചവരോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, കോവിഡ് ബാധിതരായി രണ്ടാഴ്ച്ച കഴിഞ്ഞവരോ മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയന്ത്രണം  നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. അത് ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. 

 

 

 

 

click me!