കൊവിഡിനെതിരെ പ്രതിരോധം നേടി കേരളം? സെറോ സർവേയിൽ 80 ശതമാനം പേർക്കും പ്രതിരോധശേഷിയെന്ന് സൂചന

By P R PraveenaFirst Published Sep 25, 2021, 5:44 PM IST
Highlights

നവംബർ ഒന്നിന് കേരളത്തിൽ സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ കൊവി‍ഡ് പ്രതിരോധ ശേഷി ഉണ്ടെന്ന കണ്ടെത്തൽ ആശാവഹമാണ്. സ്കൂളിലേക്ക് കുട്ടികളെ അയക്കണമോ എന്ന ആശങ്കയിലുള്ള രക്ഷിതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന കണക്കുകളാണ് പഠന റിപ്പോർട്ടിലുള്ളത്. 

തിരുവനന്തപുരം: കൊവിഡിൽ കേരളത്തിൽ ഉയർന്ന രോ​ഗ പ്രതിരോധ ശേഷിയെന്ന് സെറോ പ്രിവിലൻസ് പഠന റിപ്പോർട്ട്. 80 ശതമാനത്തോളം പേർക്ക് പ്രതിരോധ ശേഷി വൈകവരിക്കാനായിട്ടുണ്ടെന്നാണ് കേരളം നടത്തിയ പഠന റിപ്പോർട്ട് എന്നാണ് സൂചന. വാക്സിനേഷനും രോ​ഗം വന്നു പോയതും പ്രതിരോധ ശേഷി നേടാൻ കാരണമായെന്നാണ് കണ്ടെത്തൽ. ഇതിൽ തന്നെ വാക്സിനേഷനാണ് പ്രതിരോധത്തിൽ പ്രധാന ഘടകമായതെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പുതിയ പഠന റിപ്പോർട്ട് ആശാവഹമാണെന്ന് ആരോ​ഗ്യ വിദ​​ഗ്ധർ പറയുന്നു. കൊവിഡ് രോ​ഗ പ്രതിരോധത്തിൽ മുന്നേറാനായതിന്റെ സൂചന കൂടിയാണ് പുതിയ സെറോ പ്രിവിലൻസ് പഠന റിപ്പോർട്ട്.

കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞിരിക്കാമെന്ന വ്യക്തമായ സൂചനയാണ് സെറോ പ്രിവിലൻസ് റിപ്പോർട്ട് നൽകുന്നത്. അഞ്ച് വയസിനു മുകളിൽ ഉള്ള കുട്ടികൾ, പതിനെട്ട് വയസിന് മുകളിൽ പ്രായം ഉള്ളവർ, പതിനെട്ട് വയസിന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ,അഞ്ച് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവരിലാണ് കേരളം പഠനം നടത്തിയത്. 

നവംബർ ഒന്നിന് കേരളത്തിൽ സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ കൊവി‍ഡ് പ്രതിരോധ ശേഷി ഉണ്ടെന്ന കണ്ടെത്തൽ ആശാവഹമാണ്. സ്കൂളിലേക്ക് കുട്ടികളെ അയക്കണമോ എന്ന ആശങ്കയിലുള്ള രക്ഷിതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന കണക്കുകളാണ് പഠന റിപ്പോർട്ടിലുള്ളത്. 

വാക്സിനേഷന് ഇനിയും വേ​ഗത കൈവരിക്കാനായാൽ കേരളത്തിന് വലിയ തോതിൽ രോ​ഗ പ്രതിരോ‌ധം നേടാൻ കഴിയുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ആദ്യ ഡോസ് വാക്സീൻ 91ശതമാനം പിന്നിട്ട സാഹചര്യത്തിൽ ഇനി ഊന്നൽ കൊടുക്കേണ്ടത് രണ്ടാം ഡോസ് വാക്സീൻ വിതരണത്തിനാണ്. അതും കൂട്ടിയാൽ കൊവിഡിന്റെ വലിയ ഭീഷണി ഒഴിഞ്ഞേക്കും. നിലവിൽ വാക്സീൻ നൽകേണ്ട ജനസംഖ്യയുടെ 39ശതമാനം പേർക്കാണ് ഇതുവരെ രണ്ടാം ഡോസ് വാക്സീൻ നൽകിയിട്ടുളളത്. കേരളത്തിൽ ഒന്നും രണ്ടും ഡോസായി 34,673055പേർക്കാണ് വാക്സീൻ നൽകിയിട്ടുള്ളത്. 

കേരളം ആദ്യമായാണ് സെർവോ സർവേ സ്വന്തം നിലയ്ക്ക് നടത്തിയത്. ഐസിഎംആർ ഏറ്റവും ഒടുവിൽ നടത്തിയ സെറോ സർവേയിൽ  42.7% ആയിരുന്നു കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.  ജൂലൈ മാസത്തിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ  എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ് പരിശോധനകൾ നടന്നത്. കേരളത്തിൽ ഇത് വരെ ഐസിഎംആർ തലത്തിൽ നാല് സിറോ സർവേകളാണ് നടന്നിട്ടുള്ളത്. 

ഒരു വർഷം മുമ്പ് കേരളത്തിൽ 0.33 ശതമാനം മാത്രമായിരുന്നു സെറോ സർവേ ഫലം. മെയ് 2020-ൽ 0.33 ശതമാനമായിരുന്നെങ്കിൽ ഓഗസ്റ്റ് 2020ൽ ഇത് 0.88 ശതമാനമായിരുന്നു. 2020 ഡിസംബറിൽ 11.6 ശതമാനമായിരുന്നു കേരളത്തിലെ സെറോ സർവേ ഫലം.

click me!