കൊവിഡ് 19: രോഗം മറച്ചുവച്ചാൽ കേസെടുക്കും, സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ

By Web TeamFirst Published Mar 9, 2020, 9:29 PM IST
Highlights

വിദേശത്ത് നിന്ന് വന്നവരടക്കം ആരോഗ്യവകുപ്പുമായി സഹകരിക്കാത്തവരുണ്ട് എന്ന് കണ്ടെത്തിയതിനാലാണ് കർശനനടപടികളിലേക്ക് സംസ്ഥാനസർക്കാർ നീങ്ങുന്നത്. പത്തനംതിട്ട ജില്ലയിൽ ഇന്നലെ മുതൽ തുടങ്ങിയ കോണ്ടാക്ട് ട്രേസിംഗ് തുടരുകയാണ്.

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ തടയുന്നതിന്‍റെ ഭാഗമായി കർശനനടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുന്നു. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങളുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാതെ, കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവർ വിവരം മറച്ചുവച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നാളെ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലും സാമ്പിൾ പരിശോധനാ സൗകര്യമൊരുക്കുമെന്നും, തിരുവനന്തപുരത്തും ഈ സൗകര്യം തുടങ്ങാൻ അനുമതി കിട്ടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

''രോഗസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് എത്തിയവർ അത് മറച്ചുവച്ചാൽ പബ്ലിക് ഹെൽത്ത് ആക്ട് അനുസരിച്ച് കേസെടുക്കേണ്ടതായി വരും'', എന്ന് ആരോഗ്യമന്ത്രി പറയുന്നു. 

സംസ്ഥാനത്തെമ്പാടും 1116 പേരാണ് കൊവിഡ് ഉണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 967 പേർ വീടുകളിലാണ്. 149 പേർ ആശുപത്രികളിലാണ്. പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ രോഗബാധിതരുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ട്രേസിംഗ് തുടരുകയാണ്. എല്ലാവരെയും കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. 270 പേർ ഇവരുമായി നേരിട്ട് ബന്ധം പുലർത്തിയതായി (Primary Contact) കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് ബന്ധം പുലർത്തിയതിൽ 95 പേർ ഉയർന്ന രോഗസാധ്യതയുള്ളവരാണ്. ഇവർക്ക് രോഗബാധയ്ക്കുള്ള ഉയർന്ന റിസ്കുള്ളതിനാൽ കർശനനിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

449 പേർ ഇവരുമായി സെക്കന്‍ററി കോണ്ടാക്ട് പുലർത്തി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുമായും ആരോഗ്യവകുപ്പ് സംസാരിക്കുന്നുണ്ട്. ഇവരും കർശനനിരീക്ഷണത്തിലുണ്ട്. പത്തനംതിട്ടയിൽ അങ്ങനെ കോണ്ടാക്ട് ട്രേസിംഗ് മികച്ച രീതിയിൽത്തന്നെ മുന്നോട്ടുപോകുന്നു. ഇനി ഏതാണ്ട് ആയിരം പേരെക്കൂടി ബന്ധപ്പെടേണ്ടതുണ്ട് - എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.

അതേസമയം, പത്തനംതിട്ടയിൽ രോഗബാധിതരായ കുടുംബത്തിലെ വൃദ്ധരായ രണ്ടംഗങ്ങൾക്ക് രോഗമില്ല എന്നാണ് പ്രാഥമികനിഗമനം. എങ്കിലും അവരും ഐസൊലേഷനിൽത്തന്നെ തുടരും. രോഗബാധിതർ അടക്കം ഏഴ് പേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പ്രായമായവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കിയിട്ടുണ്ട്. 

ഒപ്പം കൊവിഡ് ഉണ്ടെന്ന സംശയത്തിൽ ഐസൊലേഷൻ ഉള്ള കുട്ടികളുടെ പരീക്ഷ മാറ്റി വയ്ക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഐസൊലേഷൻ ഉള്ള ഒമ്പതാംക്ലാസ് വരെയുള്ള പരീക്ഷകളും മാറ്റിവയ്ക്കും. പത്താം ക്ലാസ്സുകളിലെ കുട്ടികൾക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരീക്ഷ എഴുതാൻ പ്രത്യേക സംവിധാനം ഉണ്ടാക്കും. 

വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശനനടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് വന്നവർ ഇനിയും മടിച്ചു നിൽക്കരുത്. അടിയന്തരമായി റിപ്പോർട്ട് ചെയ്യണം. 

കൊവിഡ് 19 സംസ്ഥാനദുരന്തമായി വീണ്ടും പ്രഖ്യാപിക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കാമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 

തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാലയിൽ ഒരുപാട് ആളുകൾ നിർദേശങ്ങളൊക്കെ അനുസരിച്ചിരുന്നു. ഒന്നും സംഭവിക്കില്ലെന്ന് തന്നെ ആശിക്കാം. സാധാരണയിലും കുറവ് ആളുകളാണ് ഇത്തവണ പൊങ്കാലയ്ക്ക് വന്നത് എന്നും മന്ത്രി വ്യക്തമാക്കി. 

കൊവിഡ് ഉണ്ടോ എന്ന സംശയത്തിൽ ഒരുപാട് കേസുകൾ വരുന്നതിനാൽ സാമ്പിളുകൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാവുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. പക്ഷേ, വരുന്ന എല്ലാവരുടെയും കേസുകൾ കൃത്യമായിത്തന്നെ പരിശോധിക്കും.

തദ്ദേശഭരണസ്ഥാപനങ്ങളുടെ നല്ല സഹകരണമുണ്ടെങ്കിൽ കേസുകൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യാനും പരിശോധിക്കാനും കഴിയും. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നിരീക്ഷണവും മേൽനോട്ടവും നടക്കണം. റസിഡന്‍റ് അസോസിയേഷനുകൾക്കും ചുമതല നൽകും. എയർപോർട്ടുകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ഒരു സംഘത്തിന് പരിശോധന നടത്താൻ അധികാരം നൽകാൻ കേന്ദ്രസർക്കാരിന്‍റെ ഇടപെടൽ വേണം. എയർപോർട്ടുകളിൽ സംസ്ഥാനസർക്കാരിനും നേരിട്ട് പരിശോധന നടത്താൻ കഴിയണം. എയർപോർട്ടുകളിൽ നിന്ന് വിവരം പെട്ടെന്ന് ജില്ലാ കളക്ടർമാർക്ക് കിട്ടുന്ന തരത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദേശത്ത് പോകുന്നവർ സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിലപാട് കേന്ദ്രം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

click me!