
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കൊവിഡ് 19 രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാൻ ജിപിഎസ് സംവിധാനമേർപ്പെടുത്തി ജില്ലാ ഭരണകൂടം. രണ്ടു ടീമുകളിലായി 30 പേരടങ്ങുന്ന സംഘമാണ് വീടുകളിൽ കഴിയുന്ന 733 പേരെ നിരീക്ഷിക്കുകയും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത്.
നിലവില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണു ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും.
ഡോ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് വിവര ശേഖരണം നടത്തുന്നത്. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam