ഇന്ന് ചിലരെ വിട്ടത് താത്കാലികമായി, പാസില്ലാതെ വരുന്നവരെ അതിർത്തി കടക്കാൻ അനുവദിക്കില്ല; മുഖ്യമന്ത്രി

Published : May 09, 2020, 05:28 PM ISTUpdated : May 09, 2020, 05:41 PM IST
ഇന്ന് ചിലരെ വിട്ടത് താത്കാലികമായി, പാസില്ലാതെ വരുന്നവരെ അതിർത്തി കടക്കാൻ അനുവദിക്കില്ല; മുഖ്യമന്ത്രി

Synopsis

അതിർത്തിയിൽ വല്ലാതെ തിക്കും തിരക്കും ഉണ്ടാവുന്നതും ആരോഗ്യ വിവരങ്ങൾ മറച്ചുവെക്കുന്നതും, അനധികൃത മാർഗ്ഗത്തിലൂടെ വരുന്നതും ശക്തമായി തടഞ്ഞില്ലെങ്കിൽ ആപത്താണെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: പാസില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് നിന്ന് വരുന്നവരെയും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരോടും ഒരേ സമീപനമാണ് സംസ്ഥാനത്തിനെന്നും ഏറ്റവും പ്രാധാന്യം സുരക്ഷയ്ക്കാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗവ്യാപനം ഇല്ലാതിരിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പാസ് ഏർപ്പെടുത്തുന്നത്. പാസില്ലാതെ പലരും വരാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിർത്തിയിലെത്തി ഇങ്ങോട്ട് കടക്കാനാവാതെ വിഷമിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് താത്കാലികമായി പരിഹരിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ അത് തുടരാനാവില്ലെന്നും ഔദ്യോഗിക സംവിധാനത്തിലൂടെ ലഭിക്കുന്ന പാസുമായി വന്നാലേ അതിർത്തി കടക്കാനാവൂ എന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി. ഇങ്ങനെ ചെയ്തില്ലെങ്കിൽ രോഗം തടയാൻ സമൂഹം ചെയ്യുന്ന ത്യാഗം നിഷ്ഫലമാകുമെന്നാണ് മുന്നറിയിപ്പ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ചില ക്രമീകരണങ്ങൾക്ക് വിധേയരാകണം. മുൻഗണനാ ക്രമത്തിൽ പെട്ടവരും വാഹനം ഉള്ളവരുമാണ് ഇപ്പോൾ വരുന്നത്. അതേസമയം വിദൂര സ്ഥലങ്ങളിൽ അകപ്പെട്ടവരെ ട്രെയിനിൽ കൊണ്ടുവരാൻ പരിശ്രമം തുടരുമെന്ന് പിണറായി ഉറപ്പ് നൽകി. ആദ്യ ട്രെയിൻ ദില്ലിയിൽ നിന്ന് പുറപ്പെടുമെന്നും പുറപ്പെടുന്ന തീയതി ഉടൻ അറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക ട്രെയിനുകൾ ആലോചിക്കുന്നുണ്ടെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് മാർഗമില്ലാതെ പെട്ടുപോകുന്നവരെ ഇങ്ങോട്ടെത്തിക്കൽ എങ്ങിനെയെന്ന് ആലോചിച്ച് നടപടി പിന്നീട് സ്വീകരിക്കും. അത് എല്ലാവരെയും ഇങ്ങോട്ടെത്തിക്കാനുള്ള സമീപനത്തിന്റെ ഭാഗമാണ്. ഇതിനാലാണ് ഇക്കാര്യത്തിൽ കൃത്യമായ ക്രമം നിശ്ചയിച്ചത്.

വരുന്ന ഓരോരുത്തർക്കും കൃത്യമായ പരിശോധനയും പരിചരണവും നിരീക്ഷണവും ഉറപ്പാക്കും. അതിലൂടെ മാത്രമേ രോഗം പരിധി വിട്ട് വ്യാപിക്കുന്നത് തടയാനാവൂ. അതിർത്തിയിൽ വല്ലാതെ തിക്കും തിരക്കും ഉണ്ടാവുന്നതും ആരോഗ്യ വിവരങ്ങൾ മറച്ചുവെക്കുന്നതും, അനധികൃത മാർഗ്ഗത്തിലൂടെ വരുന്നതും ശക്തമായി തടഞ്ഞില്ലെങ്കിൽ ആപത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരാൾ അതിർത്തി കടന്ന് വരുമ്പോൾ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു ഇത്തരം കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ വേണം. എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം. ഇതൊന്നുമില്ലാതെ എല്ലാവർക്കും ഒരുമിച്ച് കടന്നുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ആളുകൾക്ക് പ്രയാസമുണ്ട്. അവ മുതലെടുത്ത് വ്യാജ പ്രചാരണം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരാൾ അതിർത്തി കടന്നുവരുമ്പോൾ എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തണം. അത് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. ഏത് സമയത്ത് എത്താനാവുമെന്ന് കൃത്യമായി കണക്കാക്കുകയും അങ്ങനെ എത്തിയില്ലെങ്കിൽ ചട്ട ലംഘനമായി കണക്കാക്കുമെന്നും പിന്നീട് കർശനമായ ഇടപെടൽ ഇതിലുണ്ടാകുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ഇഞ്ചിവിള, ആര്യങ്കാവ്, വാളയാർ, മുത്തങ്ങ, തലപ്പാടി, ഇത്തരം ചെക്പോസ്റ്റുകളിലൂടെയാണ് മറ്റ് സംസ്ഥാനത്ത് നിന്നുള്ളവർ കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ചെക്പോസ്റ്റിലൂടെ വരാവുന്നവർക്ക് ഒരു പരിധിയുണ്ട്. അത്തരത്തിൽ സാധ്യമാകുന്ന ആളുകൾക്കാണ് ഒറു ദിവസം പാസ് അനുവദിക്കുന്നത്. ഇന്ന് ധാരാളം പേർ പാസില്ലാതെ ചെക്പോസ്റ്റിലെത്തി. അവരെ അതിർത്തിയിൽ നിന്ന് മടക്കി അയക്കാനേ കഴിയൂ. പാസിൽ രേഖപ്പെടുത്തിയ തീയതിയിൽ ചില വ്യത്യാസം വരാം. അത് ബോധ്യപ്പെടുത്തിയാൽ ആ വ്യത്യാസവും ഇളവും അനുവദിച്ച് കടത്തിവിടുന്നുണ്ട്.

അതിർത്തി കടന്ന് വരുന്നവരുടെ പരിശോധന വേഗം പൂർത്തിയാക്കാനും പ്രവേശന അനുമതി നൽകാനും നിർദ്ദേശം നൽകി. ജനമൈത്രി പൊലീസിന്റെ സേവനവും ഉപയോഗിക്കുന്നു. തിരക്ക് നിയന്ത്രിക്കാൻ എല്ലാ ചെക്ക് പോസ്റ്റിലും കൂടുതൽ പൊലീസുകാരെ നിയോഗിക്കുന്നുണ്ട്. പാസില്ലാതെ ആരെയും കടത്തിവിടില്ല. പാസ് കിട്ടിയാലേ ഉള്ള സ്ഥലത്ത് നിന്ന് പുറപ്പെടാവൂ. 21812 പേർ മറ്റ് സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്തി. 52000ത്തിലേറെ പേർക്ക് പാസ് നൽകി. പാസ് തുടർന്നും നൽകും.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു, ഇല്ലാതാക്കാൻ ശ്രമിച്ചു', ട്വന്റി 20 എൻഡിഎ പ്രവേശനത്തിൽ വിശദീകരണവുമായി സാബു എം ജേക്കബ്
കെ റെയിൽ ഇല്ലെങ്കിൽ ആ മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോ?; അതിവേഗ റെയിൽ പാത പദ്ധതിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല