
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ചുമതലയെ ചൊല്ലി സർക്കാറിൽ ആശയക്കുഴപ്പം. നിയന്ത്രണ മേഖലകൾ നിശ്ചയിക്കാനുള്ള ചുമതല ദുരന്ത നിവാരണ അതോറിറ്റിക്കാണെന്നും പൊലീസ് നിയന്ത്രണം ഉറപ്പ് വരുത്തിയാൽ മാത്രം മതിയെന്നും കാണിച്ച് റവന്യു സെക്രട്ടറി ഉത്തരവിറക്കി. പ്രതിരോധത്തിൽ പൊലീസ് നേതൃത്വം വഹിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കുറിപ്പ് നിലനിൽക്കെയാണ് റവന്യു സെക്രട്ടറിയുട വ്യത്യസ്ത ഉത്തരവിറങ്ങുന്നത്.
ആരോഗ്യപ്രവർത്തകരെ മാറ്റി കോവിഡ് പ്രതിരോധത്തിൽ പൊലീസിന് സർവ്വ സ്വാതന്ത്യവും നൽകിയ സർക്കാർ നയത്തിലെ ആശയക്കുഴപ്പം പുതിയ ഉത്തരവിനെച്ചൊല്ലി ശക്തമായി. രോഗികളുടെ ഫോൺ വിശദാംശങ്ങളെടുക്കുന്നതിൽ വരെ പൊലീസിന് ഉറച്ച പിന്തുണ ഇന്നലെയും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കെയാണ് രാത്രി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറ്റൊരു ഉത്തരവ് ഇറങ്ങുന്നത്.
കണ്ടെയിന്മെന്റ് സോൺ നിശ്ചയിക്കാനുള്ള ചുമതല ദുരന്ത നിവാരണ അതോറിറ്റിക്കാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. താഴെ തട്ടിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതും ദുരന്ത നിവാരണ അതോറിറ്റി തന്നെ. ഇത്തരം മേഖലകളിൽ നിയന്ത്രണം നടപ്പാക്കും മുമ്പ് പൊതുജനങ്ങളെ അറിയിക്കുകയും വേണം. നിയന്ത്രണങ്ങൾ കണ്ടെയിൻമെന്‍റ് സോണിൽ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കൽ മാത്രമാണ് പൊലീസിന്‍റെ ജോലി എന്ന് ഉത്തരവിൽ എടുത്തുപറയുന്നു. നാലിന് ചേർന്ന് ഉന്നതതലയോഗ തീരുമാനപ്രകാരമാണ് ഉത്തരവെന്നും പറയുന്നു.
പക്ഷെ മൂന്നിന് ചീഫ് സെക്രട്ടറി ഇറക്കിയ കുറിപ്പിൽ പൊലീസിനുള്ളത് വലിയ അധികാരങ്ങളാണ്. 14 ദിവസത്തിനകം വ്യാപനം നിയന്ത്രിക്കുന്നതിന് പൊലീസ് നേതൃത്വം വഹിക്കണമെന്നും ഇതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കമമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ നിർദേശം. ആശയക്കുഴപ്പത്തെ കുറിച്ച് ചോദിച്ചപ്പോൾ പൊലീസിനെ ഒഴിവാക്കിയിട്ടില്ലെന്നും പൊലീസും ദുരന്തനിവാരണ അതോറിറ്റിയും ചേർന്നുള്ള പ്രവർത്തനം എന്നാണ് ഉത്തരവെന്നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam