മലപ്പുറത്തെയും കാസർകോട്ടെയും കൊവിഡ് 19 രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും

By Web TeamFirst Published Mar 17, 2020, 5:57 AM IST
Highlights

ഉംറ തീർത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

മലപ്പുറം/കാസർകോട്: മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും കാസർകോട്ടെ രോഗി കാസർകോട് ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇവരുമായി ഇടപഴകിയവരോട് കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

ഉംറ തീർത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. രണ്ടുപേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവരുമായി ഇടപഴകിയവർ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ആളെയും കുടുംബത്തേയും ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളുമായി ഇടപഴകിയവരുടെ പട്ടിക തയ്യാറാക്കുകയാണെന്നും ഉടൻ പുറത്തുവിടുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ദുബായിൽ നിന്നും 13ന് രാത്രി പുറപ്പെട്ട് 14ന് രാവിലെ 5:20ന് മംഗളൂരു വിമാനതാവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ IX814 വിമാനത്തിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ഈ വിമാനത്തിൽ സഞ്ചരിച്ചവരോട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടിലെ ഡോക്ടർമാരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. വർക്കലയിലെ ഇറ്റാലിയൻ സ്വദേശിയുടെ റൂട്ട് മാപ്പ് ഇതുവരെ പൂർണമായിട്ടില്ല. 

24 പേർക്കാണ് സംസ്ഥാനത്ത് നിലവിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 12,740 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 270 പേർ വിവിധ ആശുപത്രികളിൽ ഉണ്ട്.

click me!