ഗുരുതര വീഴ്ച; വാഹനമൊരുക്കിയില്ല, കല്‍ബുറഗിയിലെ മെഡിക്കൽ വിദ്യാർത്ഥികള്‍ നാട്ടിലെത്തിയത് ബസിലും ട്രെയിനിലും

By Web TeamFirst Published Mar 16, 2020, 10:37 PM IST
Highlights

കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലെത്താൻ കർണാടക ആർടിസി ബസ് ഏർപ്പെടുത്തിയതൊഴിച്ചാൽ മറ്റ് സംവിധാനങ്ങൾ നോർക്ക ഏർപ്പെടുത്താതിരുന്നതാണ് വീഴ്ചയായത്.

ബംഗലൂരു: കർണ്ണാടകയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചയാളുമായി ബന്ധപ്പെട്ട കല്‍ബുറഗിയിലെ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിൽ ഗുരുതര വീഴ്ച. കൊവിഡ് ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത് ട്രെയിനിലും കെഎസ്ആർടിസി ബസിലുമാണ്. കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലെത്താൻ കർണാടക ആർടിസി ബസ് ഏർപ്പെടുത്തിയതൊഴിച്ചാൽ മറ്റ് സംവിധാനങ്ങൾ നോർക്ക ഏർപ്പെടുത്താതിരുന്നതാണ് വീഴ്ചയായത്. സന്നദ്ധ സംഘടനകൾ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയെങ്കിലും അതിൽ പോകാൻ വിദ്യാർത്ഥികൾ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ബസിൽ പോയ വിദ്യാർത്ഥികളെ മുത്തങ്ങയിൽ പരിശോധിച്ചു. 

76കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് കർണാടകത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മരണത്തിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി. മാർച്ച് അഞ്ചിന് ഇദ്ദേഹം അസുഖബാധിതനാവുകയും തുടർന്ന് കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.നില വഷളായതോടെ ഇദ്ദേഹത്തെ മാർച്ച് ഒൻപതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വച്ച് രോഗം മൂർച്ഛിച്ചതിനാൽ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. പതിനൊന്നാം തീയതി മരണം സംഭവിച്ചു. ഇയാളെ ചികിത്സിച്ച സംഘത്തിലുള്‍പ്പെട്ടവരടക്കമാണ് ട്രെയിനിലും ബസിലും നാട്ടിലെത്തിയത്. 

 

click me!