
തിരുവനന്തപുരം: കൊവിഡ് വൈറസ് രോഗവുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുമ്പോളും മലയാളി മനസിൽ നീറുന്ന ഓർമ്മയാണ് നിപ്പ കാലത്ത് രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ലിനിയെന്ന നഴ്സ്. ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുമ്പോഴും ഇനിയൊരു 'ലിനി' ആവർത്തിക്കരുതെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്.
ലിനിയുടെ ഭർത്താവ് സജീഷ് കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് മന്ത്രി ശൈലജയോട് സംസാരിച്ചു. ലോകാരോഗ്യ ദിനത്തിൽ എഷ്യാനെറ്റ് ന്യൂസ് ആരോഗ്യമന്ത്രിയെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയിലാണ് സജീഷ് പങ്കെടുത്തത്. നിപ്പ കാലത്ത് ഞങ്ങൾക്കൊപ്പം നിന്ന സർക്കാരിനെയും ടീച്ചറെയും നന്ദിയോടെ ഓർമ്മിക്കുന്നതായി സജീഷ് പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങളില്ലാതെ തന്നെ കൊവിഡ് പോസിറ്റീവായി കണ്ടു. ഈ ഘട്ടത്തിൽ മുൻകരുതൽ എന്താണ് ചെയ്യേണ്ടതെന്നുമുള്ള സജീഷിന്റെ ചോദ്യത്തിന് സമൂഹവ്യാപനം ഇതുവരെ ആയിട്ടില്ലെന്നും രോഗലക്ഷണമില്ലാതെയും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുള്ളതിനാൽ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വന്നവരാണെങ്കിൽ അവരെ പരിശോധിക്കേണ്ടതുണ്ടെന്നും കരുതലുകളാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ
സജീഷിനെ രാവിലെ തന്നെ വിളിക്കണമെന്നോർത്തതാണ്. ശബ്ദം കേട്ടപ്പോ വലിയ സമാധാനമായി. ലിനിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ആയിട്ടില്ല. കൊവിഡ് രോഗലക്ഷണമില്ലാതെയും രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വന്നവരാണെങ്കിൽ അവരെ പരിശോധിക്കേണ്ടതാണ്. ആരെങ്കിലും പിടിതരാതെ നടന്നാൽ അത് സമൂഹവ്യാപനത്തിലേക്ക് പോകും. ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. അപൂർവം ചിലർ പറഞ്ഞാൽ അനുസരിക്കുന്നുണ്ട്. ഭയമുണ്ട് പക്ഷേ ഇത്തരമാളുകളെ കണ്ടെത്താൻ പൊലീസും തദ്ദേശസ്വയംഭരണവകുപ്പും പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam