
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അവസാന വ്യക്തിയും ഇന്ന് ആശുപത്രി വിട്ടു. ആറന്മുള സ്വദേശി അനീഷ് കഴിഞ്ഞ 42 ദിവസമായി പത്തനംതിട്ട ജനറൽ ആശുപത്രിൽ ചികിത്സയിലായിരുന്നു. ഇതോടെ പത്തനംതിട്ട ജില്ല ഒടുവിൽ രോഗമുക്തമാകുകയാണ്.
തുടർച്ചയായ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് അനീഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനമായത്. യുകെയിൽ നിന്ന് തിരികെയെത്തിയ ഇയാൾക്ക് മാർച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 22 തവണയാണ് ഇയാളുടെ ശ്രവം പരിശോധിച്ചത്. 21-ാമത്തെ പരിശോധനയിൽ ആദ്യമായി കൊവിഡ് നെഗറ്റീവായി, 22-ാം പരിശോധനയിലും കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് വന്നതോടെ രോഗമുക്തനായെന്ന് സ്ഥിരീകരിച്ച് ആശുപത്രിയിൽ നിന്ന് വിട്ടയക്കാൻ തീരുമാനിച്ചു.
ജില്ലാകളക്ടറും, ജില്ല മെഡിക്കല്‍ ഓഫീസറും ഉള്‍പ്പടെയുള്ളവർ അനീഷിനെ യാത്രയാക്കാൻ ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രി വിടുമെങ്കിലും ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരും.
കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച ജില്ലയാണ് പത്തനംതിട്ട. നേരത്തെ പത്തനംതിട്ടയിൽ തന്നെ 62 കാരിക്ക് 42 ദിവസം കഴിഞ്ഞാണ് രോഗം ഭേദമായത്. ഇവർക്ക് 21-ാമത്തെ പരിശോധനയിൽ മാത്രമായിരുന്നു കൊവിഡ് നെഗറ്റീവായത്. ഇത് വരെ 17 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 16 പേരും നേരത്തെ രോഗമുക്തമായിരുന്നു.
നിലവിൽ 131 പേരാണ് പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ളത് ഇതിൽ ആറ് പേർ മാത്രമാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത് മറ്റ് 125 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. ഏപ്രിൽ പന്ത്രണ്ടിന് ശേഷം പത്തനംതിട്ടയിൽ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam