പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ടാം ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ച 62 കാരിയുടെ ഒടുവിലത്തെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. രോഗം സ്ഥിരീകരിച്ച്  42 ദിവസം പിന്നിടുമ്പോഴാണ് ഫലം നെഗറ്റീവ് ആയത്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 62 കാരിക്കാണ്  ഇരുപത്തി ഒന്നാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയത്. ആദ്യ ഘട്ടത്തിൽ ഒരിക്കൽ ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് തുടർച്ചയായി പൊസിറ്റീവ് ആയി.

വടശ്ശേരിക്കര സ്വദേശിയായ ഇവർ 45 ദിവസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആണ്. രോഗം ഭേദമാകാത്തതിനെ തുടർന്ന് ചികിത്സാ രീതികളിൽ മാറ്റം വരുത്തിയിരുന്നു. ഇവരുടെ മകൾക്ക് നേരത്തെ കൊവിഡ് ഭേദമായിരുന്നു. ഒരു മാസത്തിലധികമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുൾപ്പെടെ അഞ്ച് പേരുടെ ഫലമാണ് ഇന്ന് നെഗറ്റീവ് ആയിരിക്കുന്നത്. 

ചികിത്സാ രീതിയിൽ മാറ്റം വരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അടുത്ത ദിവസത്തെ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. തുടർച്ചയായി രണ്ട് നെഗറ്റീവ് ഫലങ്ങൾ വന്നാൽ മാത്രമേ രോഗം ഭേദമായതായി  കണക്കാക്കു. ആറ് പേരാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. വിദേശത്ത് നിന്നെത്തിയവരുടെ ക്വാറന്‍റൈന്‍ സമയം പൂർത്തിയായി കഴിഞ്ഞെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പേർ നിരീക്ഷണത്തിൽ തുടരുകയാണ്.