
കൽപ്പറ്റ: കേരള കർണ്ണാടക അതിർത്തിയിൽ കുടുങ്ങിയ ഗർഭിണി അതിർത്തി കടന്നു, ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ക്വാറൻ്റൈൻ ചെയ്യും. ഒപ്പമുള്ളവരുടെ കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നാണ് വിവരം. കേരളവും കർണ്ണാടകവും കൈയ്യൊഴിഞ്ഞതോടെ ഇന്നലെ രാത്രി പെരുവഴിയിലായ പൂർണ്ണ ഗർഭിണിയെ തിരികെ തലശേരിയിൽ എത്തിക്കുന്നതിൽ അനിശ്ചിതത്വമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി തീരുമാനമെടുത്താലേ ഇവരെ അതിർത്തി കടത്തിവിടാനാവൂ എന്നായിരുന്നു ജില്ലാ കളക്ടർമാരുടെ നിലപാട്.
ബെംഗളൂരുവിൽ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒൻപത് മാസം ഗർഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി പെരുവഴിയിൽ കഴിഞ്ഞത്. വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ ആറ് മണിക്കൂർ കാത്തിരുന്നിട്ടും ഇവരെ അതിർത്തി കടത്തിവിട്ടില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങി. വഴിയിൽ കർണാടക പൊലീസും തടഞ്ഞു. ഇതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് റോഡിൽ കാറിൽ കഴിയുകയായിരുന്നു.
അതിർത്തി കടത്താനുള്ള അനുമതി വയനാട് കലക്ടർ മുഖാന്തിരം ശരിയാക്കിയതായി അറിയിച്ചതിനെ തുടർന്നാണ് കേരള അതിർത്തിയിലേക്ക് എത്തിയതെന്ന് ഇവർ പറയുന്നു. ബെംഗളൂരു കമ്മീഷൻ നൽകിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിൽ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്.
എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തഹസിൽദാർ ചുമതലയിലുണ്ടായിരുന്നയാൾ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിർത്തി കടത്തിവിടാൻ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവർ ആരോപിച്ചു. അതിർത്തി കടത്തിയില്ലെന്നതിനേക്കാൾ ഗർഭിണിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയതാണ് കൂടുതൽ വേദനിപ്പിച്ചതെന്ന് ഷിജില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും അവർ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam