
കൊച്ചി: ലോക്ക് ഡൗൺ കാലയളവിലെ പച്ചക്കറിയുടെ വിലവർധനയ്ക്ക് തടയിടാൻ നടപടികളുമായി ഹോർട്ടികോർപ്പ് രംഗത്ത്. കർഫ്യൂ കാലയളവിൽ ഹോർട്ടികോർപ്പ് വഴി ലഭിക്കുന്ന പച്ചക്കറിക്ക് വില വർധിപ്പിക്കില്ല എന്ന് ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ അറിയിച്ചു. പച്ചക്കറി വീടുകളിലെത്തിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും വിനയൻ പറഞ്ഞു.
എ എം നീഡ്‌സ് എന്ന മൊബൈൽ അപ്പ് വഴിയാണ് പച്ചക്കറി വീടുകളിലെത്തിക്കുക. തിരുവനന്തപുരത്തും എറണാകുളത്തുമായിരിക്കും ആദ്യം ഹോം ഡെലിവറി ലഭ്യമാകുക. ഇരു നഗരങ്ങളിലും നാളെ മുതൽ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് വിനയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊതു വിപണയിലെ പച്ചക്കറി വിലവർധനവ് തടയാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്ന് വിനയൻ പറയുന്നു.
ലോക്ക് ഡൗണിന് പിന്നാലെ വൻ വിലക്കയറ്റമാണ് വിപണിയിൽ ഇന്ന് ഉണ്ടായത്. ഒരു ദിവസം കൊണ്ട് ഉള്ളിക്ക് 40 രൂപ വരെ കൂടി. മറ്റ് സംസ്ഥാനങ്ങലിൽ നിന്നുള്ള മൊത്തവിതരണക്കാർ വില കൂട്ടിയതാണ് ചില്ലറ വിപണിയിലും വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം.
കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോൾ 100 മുതൽ 110 വരെയാണ് വില ഈടാക്കുന്നത്. കിലോയക്ക് 30 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ 40 രൂപയാണ് വില. തക്കാളിക്കും വില ഇരട്ടിയായി. ബീൻസിനും പച്ചമുളകിനും വിലകൂടിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഹോർട്ടികോർപ്പിന്‍റെ നടപടികളിലൂടെ വില പിടിച്ചുകെട്ടാനാകുമോ എന്നാണ് അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam