കൊവിഡ് സ്രവ പരിശോധനയ്ക്ക് തള്ളിക്കയറരുത്: നിയന്ത്രണവുമായി കാസർകോട് കളക്ടർ

Published : Mar 25, 2020, 02:54 PM IST
കൊവിഡ് സ്രവ പരിശോധനയ്ക്ക് തള്ളിക്കയറരുത്: നിയന്ത്രണവുമായി കാസർകോട് കളക്ടർ

Synopsis

ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പിഎച്ച്‌സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. പി.എച്ച്.സികളുടെ പരിധിയിലുള്ളവര്‍ അതാത് പി.എച്ച്.സികളെ മാത്രം ആശ്രയിക്കണം

കാസർകോട്: ജില്ലയില്‍ കൊവിഡ് സ്രവ പരിശോധനയ്ക്ക് നിയന്ത്രണവുമായി കാസർകോട് ജില്ലാ കളക്ടർ സജിത് ബാബു.  ഇനി മുതൽ പിഎച്ച്‌സികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുടെ സ്രവങ്ങൾ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ശേഖരിക്കൂവെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പിഎച്ച്‌സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുക. പി.എച്ച്.സികളുടെ പരിധിയിലുള്ളവര്‍ അതാത് പി.എച്ച്.സികളെ മാത്രം ആശ്രയിക്കണം. നഗരസഭാ പരിധിയിലുള്ളവര്‍ മാത്രം ജില്ലാ ആശുപത്രിയെയും ജനറല്‍ ആശുപത്രികളെയും ആശ്രയിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കളക്ടർ അറിയിച്ചു. ഇന്ന് ജില്ലയിൽ സങ്കീർണ ദിവസമാണെന്ന് ജില്ലാ കളക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ ആളുകളിൽ രോഗ ലക്ഷണം കാണുന്നതാണ് ജില്ലയിൽ ആശങ്ക ഉണ്ടാക്കുന്നത്. ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോൾ അറിയാമെന്നും കളക്ടർ പറഞ്ഞിരുന്നു.

എരിയാൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിൽ ഒരാളുടെയും സന്നദ്ധ പ്രവർത്തനം ഇപ്പോൾ ആവശ്യമില്ല. സർക്കാർ അനുമതി ഇല്ലാതെ ജില്ലയിൽ സന്നദ്ധ പ്രവർത്തനം നടത്തരുതെന്നും ഈ കാര്യം പറഞ്ഞ് ആരെങ്കിലും തെരുവിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 

ജില്ലയിലെ രോഗികളെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. മംഗളൂരു പാത അടച്ചതുകൊണ്ടാണ് തീരുമാനം. കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു അസിസ്റ്റന്റ് സൂപ്രണ്ടിനെ അധികമായി നിയമിച്ചുവെന്നും കളക്ടർ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന സുരക്ഷയിലാണ് കാസര്‍കോട് ജില്ല. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജില്ല പൂർണമായും നിശ്ചലമായി. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിക്കുകയാണ്. ആയിരത്തി അഞ്ഞൂറ് പൊലീസുകാരെ അധികം വിന്യസിച്ചിട്ടുണ്ട്. മേൽനോട്ടത്തിനായി ഐജി അടക്കം അഞ്ച് ഐപിഎസുകാർ വേറെയും ജില്ലയിലുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി