നിയമസഭാ സമ്മേളനം മാറ്റി; സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ചര്‍ച്ച ചെയ്യാൻ 27ന് പ്രത്യേക മന്ത്രിസഭായോഗം

By Web TeamFirst Published Jul 23, 2020, 12:07 PM IST
Highlights

സാമൂഹിക സാമ്പത്തിക വശങ്ങൾ കൂടി പരിഗണിച്ചേ ലോക്ക് ഡൗണിൽ തീരുമാനം എടുക്കാവു എന്ന് മന്ത്രിമാര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെയും മത മേലധ്യക്ഷൻമാരുടേയും അഭിപ്രായങ്ങളും ആരായും 

തിരുവനന്തപുരം:  ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവക്കാൻ ധാരണ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. പകരം 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്ത് സമ്പൂര്‍ണ്ണലോക്ക് ഡൗൺ ഏര്‍പ്പെടുത്തുന്നത് അടക്കം സുപ്രധാന നടപടികൾ മന്ത്രിസഭായോഗത്തിന്‍റെ ചർച്ചക്ക് വരും . 

നാളെ നടക്കുന്ന സര്‍വക്ഷിയോഗത്തിൽ കൊവിഡ് പ്രതിരോധ നടപടികൾ വിശദമായി ചര്‍ച്ച ചെയ്യും. സാമൂഹിക സാമ്പത്തിക വശങ്ങൾ കൂടി പരിഗണിച്ചേ ലോക്ക് ഡൗണിൽ തീരുമാനം എടുക്കാവു എന്ന് മന്ത്രിമാര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെയും മത മേലധ്യക്ഷൻമാരുടേയും അഭിപ്രായങ്ങളും ചോദിക്കാനാണ് തീരുമാനം. 

ധനകാര്യ ബില്ല് പാസാക്കുന്നതിനായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരുന്നത്. നിയമസഭ സമ്മേളിച്ച് ബില്ല് പാസാക്കിയെടുക്കുന്നതിന് പകരം പ്രത്യേക സാഹചര്യം മുൻനിര്‍ത്തി ഓര്‍ഡിനൻസ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന ആക്ഷേപം അടക്കം ശക്തമായിരിക്കെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. 

നിയമസഭാ സമ്മേളനം മാറ്റിവച്ച നടപടിയിൽ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കൊവിഡിന്‍റെ പേര് പറഞ്ഞ് നിയമസഭാ സമ്മേളനം മാറ്റി വക്കുന്ന സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളിൽ നിന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാക്കൾ ഇതിനകം തന്നെ ആക്ഷേപിച്ച് കഴിഞ്ഞു. 

 

click me!