നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്‍റെ മേഖലാ ജാഥകൾ പര്യടനം തുടരുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്‍റെ മേഖലാ ജാഥകൾ പര്യടനം തുടരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കോഴിക്കോട് ജില്ലയിലാണ് നിലവില്‍. ഇന്ന് കൊയിലാണ്ടിയിൽ നിന്ന് ആരംഭിക്കുന്ന ജാഥക്ക് എലത്തൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽ സ്വീകരണം നൽകും. വൈകീട്ട് കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണത്തോടെ ഇന്നത്തെ പര്യടനം സമാപിക്കും.
ജോസ് കെ.മാണി നയിക്കുന്ന മധ്യമേഖലാ ജാഥ കോട്ടയം ജില്ലയിലെ പുതുപ്പള്ളി, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലൂടെ കടന്നുപോകും. വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരും ജാഥ അംഗങ്ങളും തമ്മിലുള്ള മുഖാമുഖം പരിപാടി നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ ജാഥ ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുകയാണ്. രാവിലെ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് പര്യടനം തുടങ്ങുന്ന ജാഥ കായംകുളം, മാവേലിക്കര മണ്ഡലങ്ങളിലൂടെ കടന്ന് വൈകിട്ട് ചെങ്ങന്നൂരിൽ സമാപിക്കും.



